കണ്ണൂര്‍: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ മാട്ടൂൽ സ്വദേശി ഷിബിൻ തോമസിനെയാണ് വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെന്ന പേരിൽ, കൈയിൽ വലിയ ഫയലുമായെത്തിയ ഇയാൾ ഇരിണാവിലുള്ള ഒരു വീട്ടിൽ കയറുകയായിരുന്നു.
ഒരു സ്ത്രീ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി മീറ്റർ റീഡിംഗ് പരിശോധിച്ച ഇയാൾ റീഡിംഗ് കുറവാണെന്നും, മീറ്റർ തകരാറുണ്ടെന്നും പറഞ്ഞു. ശേഷം വീട്ടമ്മയോട് മോട്ടോർ ഓൺ ചെയ്യാൻ പറഞ്ഞ ശേഷം ഈ സമയത്തിനിടെ മാല പൊട്ടിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇയാളിൽ നിന്നും ഫയലെന്ന് തോന്നിക്കുന്ന ബുക്കും, കട്ടിംഗ് പ്ലയറും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ബുക്ക് ശൂന്യമാണ്. ഷിബിൻ ആശാരിപ്പണിക്കാരനാണ്. കണ്ണപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇയാളെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
