വിമർശനം ജനാധിപത്യ വിശ്വാസികളിൽ ആശങ്ക ഉണ്ടാകുന്നു കൊല്ലം സീറ്റ് ആർഎസ്പിക്കും രാജ്യസഭാ സീറ്റ് വീരേന്ദ്രകുമാറിനും നൽകിയത് മറക്കരുത്

തിരുവനന്തപുരം: രാജ്യസഭാസീറ്റ് തര്‍ക്കത്തില്‍ വിമർശനവുമായി ലീഗ് മുഖപത്രം. കൊല്ലം സീറ്റ് ആര്‍ എസ് പിക്ക് നല്‍കിയപ്പോഴും രാജ്യസഭാ സീറ്റ് വീരേന്ദ്രകുമാറിന് നല്‍കിയപ്പോഴും ഇല്ലാത്ത പ്രതിഷേധം, ഇപ്പോൾ എന്തിനാണ് എന്നാണ് ചന്ദ്രിക മുഖപ്രസംഗത്തിലെ ചോദ്യം. കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്ത് പറയാതെയാണ് ചന്ദ്രിക മുഖപ്രസംഗത്തിലെ വിമർശനം.

മാണി തിരിച്ചെത്തിയതോടെ മുന്നണിയുടെ അടിത്തറ വികസിച്ചു. മതേതരത്വ സംരക്ഷണത്തിന് മുതല്‍‍ക്കൂട്ടായിയെന്ന് ചന്ദ്രിക മുഖപ്രസംഗം വിലയിരുത്തുന്നു. കോണ്‍ഗ്രസ് ആത്മാര്‍ത്ഥ തെളിയിച്ചുവെന്നും ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ജനാധിപത്യവിശ്വാസികളില്‍ ആശങ്കയുണ്ടാക്കുമെന്ന് ചന്ദിക മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. കൊല്ലം സീറ്റ് ആര്‍ എസ് പിക്ക് നല്‍കിയപ്പോഴും രാജ്യസഭാ സീറ്റ് വീരേന്ദ്രകുമാറിന് നല്‍കിയപ്പോഴും പ്രതിഷേധമില്ലായിരുന്നുവെന്ന് ചന്ദ്രിക ചൂണ്ടിക്കാട്ടുന്നു. രാജ്യസഭാ സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് തന്നെയാണെന്നും മുഖപ്രസംഗം സമര്‍ത്ഥിക്കുന്നു. വിമര്‍‍ശനം ശക്തമായതോടെ ലീഗ് പ്രതിരോധത്തിലായെന്ന് ചന്ദ്രിക മുഖപ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണ്.

മുന്നണി ബന്ധത്തെ തകരാറിലാക്കുന്ന പ്രതികരണമാണ് പല കോണ്‍ഗ്രസ് നേതാക്കളും നടത്തിയത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വേണ്ടവിധം കാര്യങ്ങള്‍ വിശദീകരിച്ചില്ലെന്നും ലീഗിന് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ലീഗ് ആശങ്കയറിയിക്കും. 

മലബാറിലെ മണ്ഡലങ്ങളില്‍ ലീഗ് അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കെയാണ് വിവാദം. കോണ്‍ഗ്രസ് സഹകരിച്ചില്ലെങ്കില്‍ മലപ്പുറത്തടക്കം പല കേന്ദ്രങ്ങളിലും ഒരുക്കം നീട്ടിവെക്കേണ്ടി വരും. തെരഞ്ഞെടുപ്പ് ഫലങ്ങളെ കൂടി ബാധിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസിലെ കലാപമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.