ദുബായ്: അനുവാദമില്ലാതെ മറ്റൊരാളുടെ ഫോണ്‍ പരിശോധിക്കുന്നത് തെറ്റാണെന്ന് ദുബായില്‍ ഫത്‌വ. ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ ഫോണായാല്‍ പോലും ഇങ്ങനെ രഹസ്യമായി പരിശോധിക്കാന്‍ പാടില്ലെന്നാണ് ദുബായ് ഇസ്ലാമിക കാര്യ വകുപ്പ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.

അനുവാദമില്ലാതെ മറ്റൊരാളുടെ ഫോണ്‍ പരിശോധിക്കുന്നത് അനിസ്ലാമികമാണെന്ന് ദുബായില്‍ ഫത്‌വ. ദുബായ് ഇസ്ലാമിക കാര്യജീവകാരുണ്യ വകുപ്പ് ഗ്രാന്റ് മുഫ്തി ഡോ. അലി അഹ്മദ് മഷാ ഈല്‍ ആണ് ഇത്തരമൊരു ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. രഹസ്യമായി മറ്റൊരാളുടെ ഫോണ്‍ പരിശോധിക്കുന്നത് അത് ഭാര്യയോ ഭര്‍ത്താവോ ആയാല്‍ പോലും അനിസ്ലാമികമാണെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

മറ്റൊരാളെ രഹസ്യമായി നിരീക്ഷിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. ഭാര്യാഭര്‍ത്താക്കന്മാരോ, സുഹൃത്തുക്കളോ, ബന്ധുക്കളോ മറ്റേതെങ്കിലും ആളുകളോ ആണെങ്കിലും ഇത് തന്നെയാണ് ഇസ്ലാമിക വിധിയെന്നും ഗ്രാന്റ് മുഫ്തി വ്യക്തമാക്കി. പരസ്പരമുള്ള സംശയം ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ഒരാളുടെ അനുവാദമില്ലാതെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ യു.എ.ഇ ഫെഡറല്‍ പീനല്‍ കോഡ് 380 പ്രകാരം പിഴയും തടവുമാണ് ശിക്ഷ. ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് ഫെഡറല്‍ നിയമം ഇതിനെ കാണുന്നത്.

ആധുനിക ജീവിത രീതിയുമായി ബന്ധപ്പെട്ട ഫത് വകള്‍ ഇതിന് മുമ്പും ദുബായില്‍ ഗ്രാന്റ് മുഫ്തി പുറപ്പെടുവിച്ചിട്ടുണ്ട്. അനുവാദമില്ലാതെ മറ്റൊരാളുടെ വൈഫൈ ഉപയോഗിക്കുന്നത് അനിസ്ലാമികമാണെന്ന് ഈയിടെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.