കാസര്‍കോഡ്: കാസര്‍കോഡ് ചീമേനിയില്‍ റിട്ടേര്‍ഡ് അദ്ധ്യാപിക പി.വി ജാനകി ടീച്ചറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 ന് രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തെളിവുകളൊന്നും ലഭ്യമല്ലാതിരുന്ന കേസില്‍ ഇപ്പോള്‍ നടന്ന അറസ്റ്റ് പോലീസിന് പിടിവള്ളിയായി. 

അറസ്റ്റിലായവര്‍ ടീച്ചറുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്ന് പോലിസ് പറഞ്ഞു. അയല്‍വാസികളായ റെനീഷ് രാമചന്ദ്രന്‍, വൈശാഖ് എന്നിവരേയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയായ അരുണ്‍ കഴിഞ്ഞ മാസം ഗള്‍ഫിലേക്ക് കടന്നിരുന്നു. ഇയാളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

മുഖംമൂടി അണിഞ്ഞെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ജാനകിയേയും ഭര്‍ത്താവിനേയും ബന്ധികളാക്കുകയായിരുന്നു. പിന്നീട് സ്വര്‍ണവും പണവും കവര്‍ന്ന ശേഷം പ്രതികള്‍ ഇരുവരുടേയും കഴുത്തറുത്ത് രക്ഷപ്പെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജാനകി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മാരകമായി പരിക്കേറ്റ ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 

കൊലപാതകത്തിന് പത്ത് ദിവസം മുമ്പ് ഇവര്‍ പുലിയന്നൂരിലെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയിരുന്നതായി പോലീസ് പറഞ്ഞു. അന്ന് ആളനക്കം കണ്ട് പിന്‍മാറുകയും മറ്റൊരു വഴിയിലൂടെ രക്ഷപെടുകയുമായിരുന്നു. എന്നാല്‍ രണ്ടാം തവണ കൂടുതല്‍ കരുതലോടെ നീങ്ങിയ ഇവര്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന സമയം നോക്കി കൃത്യം ആസൂത്രണം ചെയ്യ്ത നടപ്പാക്കുകയായിരുന്നു. 

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടാനായത്. മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രഥമിക വിലയിരുത്തല്‍. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി മറ്റ് സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തിയിരുന്നു. ജില്ലയില്‍ ഇതേകാലത്ത് നടന്ന മറ്റ് കൊലപാതകങ്ങളിലും ഇതരസംസ്ഥാത്തൊഴിലാളികളാണ് പ്രതികളെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.