മലപ്പുറം ചേലേമ്പ്ര എ എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസിനും മാനേജര്‍ക്കുമെതിരെ കുഞ്ഞിന്‍റെ അമ്മ പൊലീസിലും വിദ്യഭ്യാസ വകുപ്പിനും ബാലാവകാശകമ്മീഷനും പരാതി നല്‍കി.

മലപ്പുറം: ബസ് ഫീസ് രണ്ട് മാസം കുടിശികയായതിന്‍റെ പേരില്‍ യു കെ ജി വിദ്യാർത്ഥിയോട് പ്രധാന അധ്യാപികയുടെ ക്രൂരത. അഞ്ചുവയസുകാരനെ സ്കൂള്‍ ബസില്‍ കയറ്റാതെ മാറ്റി നിര്‍ത്തി. മലപ്പുറം ചേലേമ്പ്ര എ എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസിനും മാനേജര്‍ക്കുമെതിരെ കുഞ്ഞിന്‍റെ അമ്മ പൊലീസിലും വിദ്യഭ്യാസ വകുപ്പിനും ബാലാവകാശകമ്മീഷനും പരാതി നല്‍കി. ചൊവ്വാഴ്ചയാണ് സംഭവം. യൂണിഫോമിട്ട് ബാഗും വാട്ടര്‍ ബോട്ടിലുമൊക്കെയായി സന്തോഷത്തോടെ സ്കൂളിലേക്ക് പോകാനിറങ്ങിയ അഞ്ചുവയസുകാരനെയാണ് ഫീസ് കുടിശികയുടെ പേരില്‍ ബസില്‍ കയറ്റാതിരുന്നത്. സ്കൂളിലെ പ്രധാനാധ്യാപികയുടെ നിര്‍ദ്ദേശമുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവര്‍ കുട്ടിയെ ബസില്‍ കയറ്റാതിരുന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുകെജിക്കാരനെ ബസില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു. ഇതോടെ കുഞ്ഞിന് വലിയ സങ്കടമായി.

അഞ്ഞൂറു രൂപ വീതം രണ്ട് മാസത്തെ ആയിരം രൂപയാണ് ബസ് ഫീസില്‍ കുടിശിയുള്ളത്. സാമ്പത്തിക പ്രയാസത്തിലാണെന്നും പണം അടക്കാൻ കുറച്ച് സാവകാശം വേണമെന്നും ക്ലാസ് ടീച്ചറോട് പറഞ്ഞിരുന്നെന്നും അവര്‍ സമ്മതിച്ചിരുന്നുവെന്നും കുഞ്ഞിന്‍റെ അമ്മ പറഞ്ഞു. ഇത് പ്രധാനാധ്യാപിക അംഗീകരിച്ചില്ല. കുഞ്ഞിനെ ബസില്‍ കയറ്റാത്തത് സംബന്ധിച്ച് സ്കൂളിലെത്തി പരാതി പറഞ്ഞപ്പോള്‍ പ്രധാനാധ്യാപികയുടെ ഭര്‍ത്താവ് കൂടിയായ മാനേജര്‍ പരിഗണിച്ചില്ല. ഫീസടക്കാത്ത ഇത്തരം കുട്ടികളെ സ്കൂളില്‍ നിന്ന് ഒഴിവാക്കണമെന്ന നിലയിലാണ് അദ്ദേഹം സംസാരിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. എയ്ഡഡ് സ്കൂള്‍ അധികൃതരില്‍ നിന്ന് കുഞ്ഞിനും തനിക്കും ഉണ്ടായ അപമാനത്തിനും മനോവിഷമത്തിനും കുഞ്ഞിന്‍റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്.

ഇനി ഈ സ്കൂളിലേക്ക് കുഞ്ഞിനെ വിടുന്നില്ലെന്നും അമ്മ പറഞ്ഞു. സാമ്പത്തിക പ്രയാസത്തിലാണ് സ്കൂള്‍ ബസ് നടത്തികൊണ്ടുപോകുന്നതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ബാക്കിയെല്ലാം സ്കൂളിനേയും മാനേജ്മെന്‍റിനേയും അപമാനിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സ്കൂള്‍ മാനേജ്മെന്‍റ് അറിയിച്ചു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്