ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷയോടെ പൂമലച്ചാലുകാര്‍ ചിറ വികസിപ്പിക്കണമെന്ന് ആവശ്യം പ്രാദേശിക ടൂറിസം കേന്ദ്രമെന്ന നിലയില്‍
ചെങ്ങന്നൂര്: പ്രാദേശിക ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് ചെങ്ങന്നൂരിലെ പൂമലച്ചാല്. വികസനം വൈകിയതിന്റെ പേരില് എല്ഡിഎഫും യുഡിഎഫും തമ്മിലടിക്കുമ്പോള് അടിയന്തര പരിഹാരമാണ് നാട്ടുകാരുടെ ആവശ്യം. ചെങ്ങന്നൂരില്നിന്ന് മൂന്ന് കിലോമീറ്റര് മാത്രം അകലെ ആലാ പഞ്ചായത്തിലാണ് പൂമലച്ചാല് ചിറ.
ചെങ്ങന്നൂരുകാര്ക്ക് വൈകുന്നേരങ്ങള് ചിലവഴിക്കാന് ഒരു സ്ഥലം. അതായിരുന്നു പൂമലച്ചാല് ചിറയുടെ നവീകരണം കൊണ്ട് ഉദ്ദേശിച്ചത്. 30 ഏക്കറിലെ ജലാശയം ആമ്പല്ക്കുളമാക്കുക, ചുറ്റും നടപ്പാതകള്, കുട്ടികളുടെ പാര്ക്ക് എന്നിങ്ങനെയായിരുന്നു ലക്ഷ്യങ്ങള്. ഈ നിര്ദ്ദേശങ്ങള് വര്ഷങ്ങള്ക്ക് മുമ്പത്തേതാണെങ്കിലും പദ്ധതിക്ക് രൂപരേഖയായിരുന്നില്ല.
ഒടുവില് 2016ലാണ് കേരള ലാന്റ് ഡവലപ്മെന്റ് കോര്പ്പറേഷന്, നബാര്ഡുമായി ചേര്ന്ന് ചിറ നവീകരിക്കാന് പദ്ധതി തയ്യാറാക്കിയത്. രണ്ട് വര്ഷമാകാറായിട്ടും നടപ്പാതകളുടെ നിര്മ്മാണം തുടങ്ങിയിട്ടേയുള്ളൂ. കയ്യേറ്റം ഒഴിപ്പിക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങളില് തീരുമാനമെടുത്തിട്ടുമില്ല. ചെങ്ങന്നൂരില് ആര് ജയിച്ചാലും പൂമലച്ചാലിന്റെ വികസനം എത്രയും വേഗം സാധ്യമാക്കണമെന്ന ആവശ്യമാണ് നാട്ടുകാര്ക്ക് സ്ഥാനാര്ത്ഥികളോട് പറയാനുള്ളത്.
