അട്ടപ്പാടിയിൽ നിന്ന് വരാപ്പുഴയിലേക്ക് മെയ് ഏഴിനും എട്ടിനും നടത്തുന്ന മാര്‍ച്ച് എ.എന്‍ രാധാകൃഷ്ണന്‍ നയിക്കും.

കോഴിക്കോട്: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തും. അട്ടപ്പാടിയിൽ നിന്ന് വരാപ്പുഴയിലേക്ക് മെയ് ഏഴിനും എട്ടിനും നടത്തുന്ന മാര്‍ച്ച് എ.എന്‍ രാധാകൃഷ്ണന്‍ നയിക്കും. മാര്‍ച്ചില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

ശ്രീജിത്തിന്‍റെ വീടിന് സമീപം പോയിട്ടും മുഖ്യമന്ത്രി വീട്ടിൽ പോകാത്തത് അപലപനീയം. മുഖ്യമന്ത്രി കൂട്ടുപ്രതിയായതിനാലാണ് അദ്ദേഹം ശ്രീജിത്തിന്റെ വീട് സന്ദർശിക്കാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പിണറായി മന്ത്രിസഭ വികസിപ്പിക്കുമ്പോൾ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഉൾപ്പെടുത്തണം. ചെങ്ങന്നൂരിൽ യുഡിഎഫും എൽഡിഎഫും സംയുക്ത സ്ഥാനാർത്ഥിയെ നിർത്തണം. സോളാർ അന്വേഷണം നിർത്തിയത് യുഡിഎഫ് എൽ ഡിഎഫ് ധാരണ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സോഷ്യല്‍ മീഡിയ ഹർത്താൽ എൻഐഎ അന്വേഷിക്കണം. അഞ്ച് പേരാണ് വാട്ട്സ് അപ്പ് ഹർത്താലിന് പിന്നിൽ എന്ന് പൊലീസ് പറയുന്നത് ശരിയല്ല . ആസൂത്രിതമായ സംഘങ്ങളാണ് സംഭവത്തിന് പിന്നിൽ. സംഭവം എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി താനൂരിൽ മാർച്ച് നടത്തും. കുമ്മനം രാജശേഖരൻ നയിക്കുന്ന മാർച്ച് മെയ് അഞ്ചിന് ആലത്തിയൂരിൽ നിന്ന് താനൂരിലേക്കാണെന്നും പി.കെ കൃഷ്ണദാസ് അറിയിച്ചു. 

കോടഞ്ചേരിയിലെ ജോത്സനക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മെയ് മൂന്നിന് താമരശേരിയിൽ നിന്ന് കോഴിക്കോട്ടേക്കും മാർച്ച് നടത്തും. മാർക്സിസ്റ്റ് വേട്ടക്കെതിരെ പ്രതിരോധ മാർച്ച് എന്നാണ് പേര് എന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.