ഉള്ള വിശ്രമ കേന്ദ്രങ്ങളിലൊന്നിന്‍റെ ശുചീകരണം പോലും നടത്തിയിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് പ്രത്യേകം ശൗചാലയങ്ങളില്ലാത്തതും തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കും

ചെങ്ങന്നൂര്‍: ഇതര സംസ്ഥാനക്കാരായ ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതൽ എത്തുന്ന ഇടത്താവളമായ ചെങ്ങന്നൂരിൽ ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. തീര്‍ഥാടകര്‍ക്കായുള്ള പുതിയ വിശ്രമ കേന്ദ്രത്തിന്‍റെ നിര്‍മാണം പാതി വഴിയിലാണ്. ഉള്ള വിശ്രമ കേന്ദ്രങ്ങളിലൊന്നിന്‍റെ ശുചീകരണം പോലും നടത്തിയിട്ടില്ല.

റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് പ്രത്യേകം ശൗചാലയങ്ങളില്ലാത്തതും തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം തീര്‍ഥാടകര്‍ ദിനംപ്രതി എത്തുന്ന ചെങ്ങന്നൂര്‍ റെയിൽവേ സ്റ്റേഷന്‍റെ ഇപ്പോഴത്തെ അവസ്ഥയൊന്ന് പരിതാപകരമാണ്.

വിശ്രമമുറികളിലൊന്നിന്‍റെ ടൈൽസ് ഇടൽ ജോലികൾ പോലും പൂര്‍ത്തിയായിട്ടില്ല. വയറിംഗും നടത്തണം. മണ്ഡലകാലം കഴിഞ്ഞാലും നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്ന് ഉറപ്പില്ല. ആകെയുള്ള മൂന്ന് വിശ്രമ മുറികളിൽ ഒന്ന് പൊടിപിടിച്ച് കിടക്കുന്നു. നിര്‍മാണ സാമഗ്രികളുടെ സൂക്ഷിപ്പ് കേന്ദ്രമായി മാറിയിരിക്കുകയാണ് വിശ്രമ മുറി കുടിവെള്ള പൈപ്പുകളുടെ അവസ്ഥയും മാറ്റമില്ലാതെ തുടരുന്നു.

അഞ്ഞൂറിൽ താഴെ തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള വിശ്രമ മുറി മാത്രമാണ് ചെങ്ങന്നൂരിൽ നിലവിലുള്ളത്. അംഗപരിമിതരായ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ റാംപിന്‍റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിട്ടില്ല. ആകെയുള്ള 22 ശുചിമുറികളിൽ സ്ത്രീകൾ മാത്രമായി സൗകര്യങ്ങളില്ല. റെയിൽവേ സ്റ്റേഷനിൽ തീര്‍ത്ഥാടകര്‍ക്ക് വെജിറ്റേറിയൻ ഭക്ഷണം എത്തിക്കുമെന്ന വാക്കും പാഴായി. ഇതോടെ ഇത്തവണത്തെ മണ്ഡലകാലവും അസൗകര്യങ്ങളുടെ നടുവിലാകുമെന്ന് ഉറപ്പായി.