തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ട സിപിഐ മന്ത്രിമാർ അധികാരത്തിൽ തുടരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം അഭിപ്രായം അറിയിക്കാൻ സമരം ചെയ്യേണ്ട അവസ്ഥയിലാണ് സിപിഐ മന്ത്രിമാർ. മന്ത്രിസഭാ യോഗം നടക്കുമ്പോള്‍ സിപിഐ മന്ത്രിമാർ സമാന്തര യോഗം നടത്തുകയായിരുന്നുവെന്നും ഇടതുമുന്നണിക്കു കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
ഉപാധികളോടെയാണ് തോമസ് ചാണ്ടിയുടെ രാജിയെന്നത് അപഹാസ്യമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം രാജി വയ്ക്കുന്നതിന് തൊട്ടുമുന്‍പ് തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ നിന്നുവിട്ടു നിന്ന സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ കടുത്ത നിലപാടെടുത്തത് ഇടതുപക്ഷത്തിന്‍റെ വിശ്വാസ്യത തകരുന്നുവെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. നടപടി അസാധാരണമാണെന്ന ഉത്തമ ബോധ്യത്തോടെയാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് എന്നും കാനം പറഞ്ഞു.
