മതിലിൽ പങ്കെടുക്കാനായി കുടുംബശ്രീ, ആശാ വർക്കർമാർ അടക്കമുള്ളവരെ നിർബന്ധിക്കുകയാണ്. വനിതാ മതിലിനായി സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത് വനിതാ മതിലല്ല വർഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 50 കോടി ചെലവഴിക്കുന്നത് പറഞ്ഞത് അഴിമതിയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ചെലവഴിക്കുന്ന പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. 

വനിതാ മതിലിൽ പങ്കെടുക്കാനായി കുടുംബശ്രീ, ആശാ വർക്കർമാർ അടക്കമുള്ളവരെ നിർബന്ധിക്കുകയാണ്. സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചുവെന്നും 50 കോടി പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

വനിതാ മതിലിന്റെ പേരിൽ മുഖ്യമന്ത്രി കലാകാരൻമാരേയും സാഹിത്യകാരൻമാരേയും സമൂഹ്യ-സാമുദായിക നേതാക്കളേയും ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനും രംഗത്തെത്തി. മതിൽ കെട്ടാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്നും കോൺഗ്രസ് പ്രവർത്തകരാരെങ്കിലും മതിലിൽ പങ്കെടുത്താൽ അവർ പാർട്ടിയിലുണ്ടാവില്ലെന്നും ഹസ്സന്‍ വ്യക്തമാക്കി. 

Read More : വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അതേസമയം വനിതാ മതിലില്‍ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. 

എന്നാല്‍ വനിതാ മതിലില്‍ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വനിതാ മതിലിന് സർക്കാർ ചെലവഴിക്കുന്ന തുകയെത്രയെന്ന് പരിപാടിക്ക് ശേഷം കോടതിയെ അറിയിക്കണം. കുട്ടികളെ നിർബന്ധിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. 

പ്രകൃതിദുരന്തം ഉണ്ടായ സാഹചര്യത്തിൽ ഫണ്ട് വിനിയോഗത്തിൽ സർക്കാറിന്‍റെ മുൻഗണന എന്താണെന്നും കോടതി ചോദിച്ചു. പ്രളയ ഫണ്ട് ഉപയോഗിക്കില്ലെന്ന സർക്കാർ വിശദീകരണം കോടതി രേഖപ്പെടുത്തി. പ്രളയത്തിനു വേണ്ടി മാറ്റി വെച്ച തുക എത്രയെന്നും അത് എങ്ങനെ ഉപയോഗിച്ചുവെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.