93.5 ശതമാനം മാർക്കാണ് അലോക് നേടിയത് മടങ്ങിയത് ഒരു ലക്ഷം രൂപയുടെ ചെക്ക്
യുപി: എസ്എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്ക് ഉപഹാരമായി യുപി മുഖ്യമന്ത്രി യോഗി ആദിത്നാഥ് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. ചെക്ക് മടങ്ങിയെന്ന് മാത്രമല്ല, വിദ്യാർത്ഥി പിഴയടയ്ക്കേണ്ടിയും വന്നു. പത്താംക്ലാസ് പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ അലോക് മിശ്രയാണ് യോഗി ആദിത്യനാഥിൽ നിന്നും ചെക്ക് സ്വീകരിച്ചത്.
മെയ് 29 ന് ലക്നൗവിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വച്ചായിരുന്നു ചെക്ക് സമ്മാനിച്ചത്. ജൂൺ അഞ്ചിന് അലോകിന്റെ പിതാവ് ചെക്ക് മാറുന്നതിനായി ബാങ്കിൽ ചെന്നപ്പോൾ പണമെടുക്കാൻ കഴിയില്ല എന്ന് ബാങ്ക് അധികാരികൾ അറിയിച്ചു. ഒപ്പുകൾ തമ്മിൽ വ്യത്യാസം തോന്നിയത് കൊണ്ടാണ് ചെക്ക് മടങ്ങിയത്.
മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും ഉപഹാരം സ്വീകരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നിയിരുന്നു. എന്നാൽ ചെക്ക് മടങ്ങിയെന്നറിഞ്ഞപ്പോൾ വളരെയധികം നിരാശ തോന്നി. അലോകിന്റെ പിതാവ് പറയുന്നു. യുപി ബോർഡ് പരീക്ഷയിൽ 93.5 ശതമാനം മാർക്കാണ് അലോക് നേടിയത്. ബരാബങ്കി ജില്ലാ സ്കൂൾ ഇൻസ്പെക്ടർ രാജ് കുമാർ യാദവാണ് ചെക്കിൽ ഒപ്പിട്ടിരുന്നത്.
മടങ്ങിയ ചെക്കിന് പകരം പുതിയ ചെക്ക് നൽകി പ്രശ്നം പരിഹരിച്ചുവെന്ന് യാദവ് പറയുന്നു. മറ്റ് കുട്ടികളാരും ഈ ആരോപണവുമായി എത്തിയിട്ടില്ലെന്നും യാദവ് കൂട്ടിച്ചേർക്കുന്നു. എന്നാൽ ഈ സംഭവത്തെ ഗുരുതരമായി തന്നെ പരിഗണിക്കുന്നുവെന്നും ഏതെങ്കിലും രീതിയിൽ അശ്രദ്ധ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടി എടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് ഉദയ്ബാനു തൃപാഠി പറഞ്ഞു.
