ചേരാനല്ലൂര്‍ വാഹനാപകടത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നാല് പൊലീസുകാര്‍ക്ക് സസ്പെൻഷൻ
കൊച്ചി: അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് 55 കാരൻ മരിച്ച സംഭവത്തിലെ വീഴ്ചയിൽ ഒടുവിൽ പൊലീസുകാർക്കെതിരെ നടപടി. ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐയും എസ്എച്ച്ഒയും ഉൾപ്പടെ നാല് പേരെ സസ്പെൻഡ് ചെയ്തു. സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ കർശന ഇടപെടലിന് പിന്നാലെയാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. പ്രതിയുടെ അച്ഛനായ ജഡ്ജിക്ക് വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.
17കാരൻ അമിതവേഗതയിലോടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ ചിതയെരിഞ്ഞ് തീരും മുമ്പ് ജാമ്യം. ആഭ്യന്തര മന്ത്രി ഇടപെട്ട് തിരുത്തിയിട്ടും വരുത്തിയ അനാസ്ഥകൾ. നീതിതേടി അച്ഛൻ മരിച്ച അന്ന് രാത്രിക്ക് രാത്രി മക്കൾ സമരമിരിക്കേണ്ടി വന്ന ദുരവസ്ഥ. സർക്കാരും പൊലീസും കടുത്ത വെട്ടിലായതോടെ ഒടുവിൽ നടപടി. നാല് പൊലീസുകാർക്ക് സസ്പെൻഷൻ.
കൃത്യം വകുപ്പുകൾ ചുമത്താതെ എഫ്ഐആർ തയ്യാറാക്കിയതിനും കാറോടിച്ചിരുന്ന 17കാരന്റെ ചിത്രം പകർത്തിയപ്പോൾ ജയബാലകൃഷ്ണന്റെ ബന്ധുക്കളെ വിലക്കി ഡിലീറ്റ് ചെയ്യിപ്പിച്ചതിനുമാണ് പൊലീസുകാർക്കെതിരായ നടപടി. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നും നിയമസഭയിൽ ആവർത്തിച്ചിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം ചേരാനല്ലൂരിലെത്തിയ ക്രമസമാധാന ചുമതലയുള്ള എഡിജിപിയും കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ചിരുന്നു.
പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസവും കുടുംബം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. കാറിന്റെ ആര്‍സി ഉടമ കൂടിയായ 17കാരന്റെ അഡീഷ്ണൽ ജഡ്ജിക്ക് വീഴ്ചയുണ്ടായെന്നാണ് പോർട്ട് ഫോളിയോ ജഡ്ജിയുടെ റിപ്പോർട്ട്. ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങാതെ പോലിസ് സ്റ്റേഷനിൽ പോയത് തെറ്റാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അഡ്മിനിസ്ട്രീറ്റീവ് കമ്മറ്റിക്ക് റിപ്പോർട്ട് നൽകിയത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജഡ്ജിക്കെതിരായ നടപടി. കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ, ആലുവയിലെ വീട്ടിലെത്തി ജഡ്ജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മകൻ വാഹനമെടുത്തത് അറിയില്ലെന്നും ഡ്രൈവിംഗ് പഠിച്ചത് യൂട്യൂബ് ചാനൽ നോക്കിയാണെന്നുമാണ് ജഡ്ജി പറഞ്ഞത്. ഞായറാഴ്ച്ച വൈകിയേ എഴുന്നേൽക്കൂ എന്ന് ഫാമിലി വാട്സാപ് ഗ്രൂപ്ലിലിട്ട സന്ദേശവും പൊലീസിനെ കാണിച്ചു.
അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ച ജഡ്ജി, മൊഴി ഔദ്യോഗികമായി രേഖപ്പെടുത്താൻ വിസമ്മതിച്ചു. അനുമതി കിട്ടിയാൽ ഉടൻ, പൊലീസ് ജഡ്ജിയെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും. 17 കാരന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ 17കാരൻ സ്വന്തം ഇൻസ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്തു. മുൻപ് വാഹനമോടിച്ചതിന്റെ തെളിവ് നശിപ്പിക്കാൻ എന്നാണ് പൊലീസ് സംശയം.





