മെഡിക്കല്‍ കോഴ വിവാദം ഉള്‍പ്പടെ അഞ്ച് കാരണങ്ങള്‍ നിരത്തി പ്രതിപക്ഷം രാജ്യസഭാ അദ്ധ്യക്ഷന് ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കിയെങ്കിലും സുപ്രീംകോടതിയിലെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ അതേരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ചീഫ് ജസ്റ്റിസിന്റെ തീരുമാനം.

ദില്ലി: ഇംപീച്ച്മെന്റ് നോട്ടീസ് പ്രതിപക്ഷം നല്‍കിയെങ്കിലും സുപ്രീംകോടതിയിലെ ഭരണപരമായ കാര്യങ്ങളില്‍ നിലവിലെ രീതി തന്നെ തുടരാനാണ് ചീഫ് ജസ്റ്റിസിന്റെ തീരുമാനം. അടുത്തയാഴ്ച ആധാര്‍ ഉള്‍പ്പടെയുള്ള കേസുകള്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തന്നെ പരിഗണിക്കും. പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്‍റ് നീക്കം ചരിത്രത്തിലെ ഭീകരവും ഇരുണ്ടതുമായ ദിനം എന്നായിരുന്നു ഭരണഘടന വിദഗ്ധനായ ഫാലി എസ് നരിമാന്റെ പ്രതികരണം.

മെഡിക്കല്‍ കോഴ വിവാദം ഉള്‍പ്പടെ അഞ്ച് കാരണങ്ങള്‍ നിരത്തി പ്രതിപക്ഷം രാജ്യസഭാ അദ്ധ്യക്ഷന് ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കിയെങ്കിലും സുപ്രീംകോടതിയിലെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ അതേരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ചീഫ് ജസ്റ്റിസിന്റെ തീരുമാനം. അടുത്ത ആഴ്ച വരുന്ന കേസുകളുടെ പട്ടികയില്‍ പ്രധാനപ്പെട്ട കേസുകളെല്ലാം ചീഫ് ജസ്റ്റിസ് തന്നെയാണ് കേള്‍ക്കുന്നത്. ആധാര്‍ കേസിലെ ഭരണഘടന ബെഞ്ചിനും ചീഫ് ജസ്റ്റിസ് തന്നെ നേതൃത്വം നല്‍കും. ഇംപീച്ച്മെന്റ് നീക്കമുണ്ടായതുകൊണ്ട് മാറിനില്‍ക്കേണ്ട ധാര്‍മ്മിക പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ഇതിലൂടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷന്‍ പരിഗണിക്കുന്നതിന് മുമ്പ് പ്രതിക്ഷം വാര്‍ത്താ സമ്മേളനം നടത്തിയതിനെതിരെ രാജ്യസഭാ സെക്രട്ടറിയേറ്റ് രംഗത്തെത്തി. 

വാര്‍ത്ത സമ്മേളനത്തില്‍ വെച്ച് ഇംപീച്ച്മെന്റ് നോട്ടീസിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തത് ചട്ടപ്രകാരം തെറ്റാണെന്നും രാജ്യസഭാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടുന്നു. ഈ കാരണം പറഞ്ഞ് അദ്ധ്യക്ഷന്‍ വെങ്കയ്യനായിഡുവിന് നോട്ടീസ് തള്ളാം. ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയ പ്രതിപക്ഷ നീക്കത്തെ എതിര്‍ത്ത് ഭരണഘടനാ വിദഗ്ധനായ ഫാലി എസ് നരിമാന്‍ രംഗത്തെത്തി. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഭീകരവും ഇരുണ്ടതുമായ ദിനം എന്നായിരുന്നു ഫാലി എസ്. നരിമാന്റെ പ്രതികരണം. 67 വര്‍ഷത്തെ തന്‍റെ ജീവിതത്തില്‍ ഇതുപോലൊരു ദിവസത്തിന് സാക്ഷിയാകേണ്ടിവന്നിട്ടില്ലെന്നും എഫ്.എസ് നരിമാന്‍ പറഞ്ഞു.