ഫ്‌ളോറിഡ: അച്ചടക്കം പഠിപ്പിക്കാന്‍ ഒന്‍പത് വയസുകാരിയുടെ ശരീരത്തില്‍ കയറിയിരുന്ന് മധ്യവയ്‌സകയുടെ ശിക്ഷാവിധി. 145 കിലോ ഭാരമുള്ള വെറോണിക്ക പോസെ (64)യാണ് സഹോദര പുത്രിയുടെ ശരീരത്തില്‍ കയറിയിരുന്നത്. ശ്വാസ തടസം അനുഭവപ്പെട്ട കുട്ടി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. സംഭവത്തില്‍ വെറോണിക്കയെ പൊലീസ് അറസ്റ്റു ചെയ്തു.
ഫ്‌ളോറിഡയിലെ പെന്‍സാകോളയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വെറോണിക്കയുടെ സഹോദരന്‍റെ മകളായ ഡെറിക്ക ലിന്‍ഡ്‌സെയാണ് മരിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് 34 കിലോ മാത്രം ഭാരമുളള ഡെറിക്കയുടെ
ശരീരത്തില്‍ വെറോണിക്ക കയറിയിരിക്കുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട ഡെറിക്ക കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടിക്ക് സിപിആര്‍ നല്‍കിയെന്നും എമര്‍ജന്‍സി നമ്പറായ 911 വിളിച്ച് സംഭവം അറിയിച്ചുവെന്നും വെറോണിക്ക പൊലീസിനോട് പറഞ്ഞു.
വികൃതിക്കാരിയായ കുട്ടിയെ പെരുമാറ്റ മര്യാദ പഠിപ്പിക്കുന്നതിനാണ് തന്‍റെ സഹോദരിയായ വെറോണിക്കയെ വിളിച്ചുവരുത്തിയതെന്ന് കുട്ടിയുടെ അമ്മ ഗ്രേസ് സ്മിത്ത് (69) അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ അച്ചടക്കം പഠിപ്പിക്കാന്‍ അവര്‍ പലവിധത്തില്‍ ശ്രമിച്ചിരുന്നതായും ഗ്രേസ് വെളിപ്പെടുത്തി. കസേരയില്‍ ഇരിക്കുകയായിരുന്ന കുട്ടിയുടെ മേല്‍ വെറോണിക്ക പത്തുമിനിട്ടോളം കയറിയിരുന്നതായി പിതാവ് ജെയിംസ് സ്മിത്ത് പറയുന്നു.
ശ്വാസതടസം അനുഭവപ്പെട്ട കാര്യം ഡെറിക്ക വെറോണിക്കയോട് പറഞ്ഞു. അതിന് ശേഷം കുറച്ച് സമയം എഴുന്നേറ്റുവെങ്കിലും വീണ്ടും രണ്ടു മിനിട്ടോളം അവള്‍ ഡെറിക്കയുടെ ശരീരത്തില്‍ കയറിയിരുന്നുവെന്നും ജെയിംസ് വ്യക്തമാക്കി.
അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനുളളില്‍ മരിക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിനും കൊലപാതകത്തിനുമാണ് വെറോണിക്കയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ വേണ്ട വിധം നോക്കാത്തതിന് മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
