മൂന്നാറില്‍ 'കുട്ടി ജോലിക്കാരുടെ' എണ്ണം കൂടുന്നു

ഇടുക്കി: വേനലവധി തുടങ്ങിയതോടെ തമിഴ്‌നാട്ടില്‍ നിന്നും ബാലവേലയ്ക്കായി എത്തുന്ന കുട്ടികളുടെ എണ്ണം വന്‍ തോതില്‍ കൂടുന്നു. മൂന്നാറിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണ് 18 വയസില്‍ താഴ്ചയുള്ള കുട്ടികള്‍ ജോലി തേടി എത്തുന്നത്. ഇവിടെ എത്തുന്നതില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്. ഏപ്രില്‍ പകുതിയോടെയാണ് തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ വേനലവധി ആരംഭിച്ചത്. ഇതോടെ മൂന്നാറിലെ പല ഹോട്ടലുകളിലും 'കുട്ടി ജോലിക്കാര്‍' ജോലി തുടങ്ങി.

ഇത്തരത്തില്‍ മൂന്നാറിലെ പ്രമുഖ ഹോട്ടല്‍ - ബേക്കറി ശൃംഘലയില്‍ മാത്രം പതിഞ്ചോളം കുട്ടികളാണ് ജോലി ചെയ്യുന്നത്. ഹോട്ടലുകള്‍ക്കു പുറമെ കെട്ടിട നിര്‍മ്മാണത്തിനും കേബിള്‍ കുഴി കുഴിക്കുന്നതിനും കുട്ടികളെ ഏത്തിക്കുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളായ തേനി, കമ്പം , ഉസിലാംപെട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കൂടുതലായും കുട്ടികള്‍ എത്തുന്നത് . 

ഇതിനായി നിരവധി ഇടനിലക്കാര്‍ മൂന്നാര്‍ മേഘലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം ശമ്പളം മുന്‍കൂറായി നല്‍കുന്നതിനാല്‍ കുട്ടികളെ അയക്കാന്‍ മതേപിതാക്കളെ പ്രേരിപ്പിക്കുന്നു. കുട്ടികളായതിനാല്‍ വളരെ തുച്ഛമായ ശമ്പളമാണ് ഉടമകള്‍ നല്‍കുന്നത്. ഇവര്‍ക്കുള്ള താമസ സൗകര്യവും വളരെ ശോചനീയമാണ്. ശക്തമായ നിയമങ്ങള്‍ നിലവില്‍ ഉണ്ടായിട്ടും പരസ്യമായി നടക്കുന്ന ബാലവേലിക്കെതിരെ നടപടി എടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളായ ചൈല്‍ഡ് ലൈന്‍, പോലീസ് ,തൊഴില്‍ വകുപ്പ് എന്നിവര്‍ തയ്യാറാകുന്നില്ല.