കൊച്ചി: മുഖത്തടിച്ചും ഷൂസിട്ട് ചവിട്ടിയും എറണാകുളം തോപ്പുംപടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നേവി ഉദ്യോഗസ്ഥന്റെ ക്രൂരമര്‍ദ്ദനം. മുണ്ടംവേലി ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ പി യു അശ്വിന്‍ (15), റോഹിന്‍ വിന്‍സന്റ് (14) എന്നിവരെയാണ് നേവി ഉദ്യോഗസ്ഥന്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. 

മര്‍ദ്ദനമേറ്റ് മുഖത്തും ശരീരത്തില്‍ ആകെയും നീരും മുറിവുകളുമായി വിദ്യാര്‍ത്ഥികള്‍ കരുവേലിപ്പടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദ്ദനമുണ്ടായത്. 

നേവല്‍ ക്വാര്‍ട്ടേഴ്‌സിലെ കുട്ടികളെ കളിയാക്കിയെന്നാരോപിച്ച് അശ്വിന്റെ മുഖത്ത് ഉദ്യോഗസ്ഥന്‍ അടിച്ചു. ഇത് ചോദ്യം ചെയ്ത റോഹിനെയും ഇയാള്‍ മര്‍ദ്ദിച്ചു. ഷൂസിട്ട കാലുകൊണ്ട് ചവിട്ടുകയും വലിച്ചിഴച്ച് നേവി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്. 

രണ്ട് മണിക്കൂറോളം നേവി പൊലീസ് സ്റ്റേഷനില്‍ തടഞ്ഞ് വച്ച കുട്ടികളെ തോപ്പുംപടി പൊലീസ് എത്തിയാണ് വിട്ടയച്ചത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഐപിസി 324 വകുപ്പുകളുള്‍പ്പെടെ ചുമത്തി കേസെടുത്തതായി തോപ്പുംപടി എസ്‌ഐ ബിനു വ്യക്തമാക്കി. 

ബാലപീഡനം നടന്നതായി കണ്ടെത്തിയതായും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയതായും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥന്‍ വൈശാഖ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അതേസമയം ചെവി വേദനയും കണ്ണ് വേദനയും കാരണം തന്റെ മകന് ഭക്ഷണം കഴിക്കാനാകുന്നില്ലെന്ന് അശ്വിന്റെ പിതാവ് ഉത്തമന്‍ പറഞ്ഞു. സംഭവത്തില്‍ ദളിത് പീഡനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തമന്‍ പോലീസില്‍ പരാതി നല്‍കി.