ഇന്ത്യന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയെ പങ്കെടുപ്പിച്ചതില്‍ കടുത്ത നീരസവുമായി ചൈന. ബീഹാറിലെ രാജ്ഗിറില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ബുദ്ധമത സമ്മേളനത്തിലാണ് ദലൈലാമ മുഖ്യാതിതിഥിയായി പങ്കെടുത്തത്. വെള്ളിയാഴ്‌ചയാണ് ദലൈലാമ പരിപാടിയില്‍ പങ്കെടുത്തത്. ഈ പരിപാടിയില്‍ ദലൈലാമയെ പങ്കെടുപ്പിക്കരുതെന്ന തങ്ങളുടെ ആവശ്യം ഇന്ത്യ തള്ളിയതില്‍ കടുത്ത അമര്‍ഷത്തിലാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് അറിയിച്ചു. ഇക്കാര്യത്തില്‍ ചൈനയ്‌ക്ക് കടുത്ത അസംതൃപ്‌തിയാണുള്ളതെന്നും, ഇത് ഇന്ത്യ-ചൈന ബന്ധത്തില്‍ ആഴത്തിലുള്ള വിള്ളല്‍ വീഴ്ത്തുമെന്നും ഹുവ പറഞ്ഞു. നേരത്തെ ദലൈലാമയ്‌ക്ക് രാഷ്‌ട്രപതി ഭവനില്‍ സ്വീകരണം നല്‍കിയപ്പോഴും ചൈന കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. പുതിയ സംഭവ വികാസങ്ങളോടെ ഇന്ത്യയ്ക്കെതിരായ നിലപാട് കര്‍ക്കശമാക്കുന്ന കാര്യം ആലോചിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ പലതും പുനരാലോചിച്ചേക്കുമെന്നും സൂചനയുണ്ട്.