ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിൽ 62 ലക്ഷം ഫോളോവേഴ്സുള്ള നടി അവസാനമായി പോസ്റ്റ് ചെയ്തത് ജൂലൈയിൽ ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദർശിച്ചതിന്‍റെ ചിത്രമാണ്...

ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടി ഫാൻ ബിംഗ്ബിംഗിനെ രണ്ട് മാസമായി കാണാനില്ല. താരം സർക്കാർ തടങ്കലിലെന്ന് വാർത്ത നൽകിയ ചൈനീസ് പത്രം മണിക്കൂറുകൾക്കുള്ളിൽ വാർത്ത പിൻവലിച്ചു. കഴിഞ്ഞ രണ്ട് മാസമായി ബിംഗ്ബിംഗ് പൊതുവേദികളിലെത്തിയിട്ടില്ല.

അവസാനമായി പങ്കെടുത്തത് മെയിൽ നടന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ. ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിൽ 62 ലക്ഷം ഫോളോവേഴ്സുള്ള നടി അവസാനമായി പോസ്റ്റ് ചെയ്തത് ജൂലൈയിൽ ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദർശിച്ചതിന്‍റെ ചിത്രമാണ്.

ഇതിനു ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന നടിയുടെ പോസ്റ്റുകളോ ചിത്രങ്ങളോ എത്താതിരുന്നതിനെത്തുടർന്നാണ് ഫാനിനെ കാണാതായെന്ന സംശയം ബലപ്പെട്ടത്. നികുതിയുമായി ബന്ധപ്പെട്ട് ഫാനും സർക്കാരും തമ്മിൽ തർക്കം നിലനിന്നിരുന്നു.

പിന്നാലെ ചലച്ചിത്ര താരങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം അളക്കുന്ന സോഷ്യൽ റെസ്പോണ്‍സിബിലിറ്റി റിപ്പോർട്ടിൽ ഫാനിനെതിരെ സർക്കാർ കടുത്ത വിമ‍ർശനവും ഉന്നയിച്ചു.

ഫാൻ ചൈനീസ് സർക്കാരിന്‍റെ തടങ്കലിലാണെന്ന് വാർത്ത നൽകിയ ചൈനീസ് പത്രം സെക്യൂരിറ്റീസ് ഡെയിലി വിവാദമായതോടെ വാർത്ത പിൻവലിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും കൂടുതൽ സന്പത്തുള്ള ചൈനീസ് താരങ്ങളുടെ പട്ടികയിൽ ഫാനാണ് ഒന്നാമത്.