തൃശൂര്‍: സംസ്ഥാനത്ത് ചെനീസ് മുട്ടകള്‍ വ്യാപകമെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടത്തിയതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍. വെറ്റിനറി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ പൗള്‍ട്രി സയന്‍സില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മൂവാറ്റുപുഴയില്‍ നിന്നുകൊണ്ടുവന്ന 24 മുട്ടകളാണ് ഇവിടെ പരിശോധിച്ചത്. മുട്ടയുടെ വെള്ളക്കരുവും മഞ്ഞക്കരുവും എടുത്ത് ബോയ്‌ലിംഗ് ടെസ്റ്റ് ഉള്‍പ്പെടെ വിശദമായ പരിശോധനയാണ് നടത്തിയത്. ഇതിലാണ് പിടിച്ചെടുത്ത മുട്ടകളെല്ലാം സാധാരണ മുട്ടയാണെന്ന് തെളിഞ്ഞത്.

ഇനി ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സാംപിളുകള്‍ കൂടി പരിശോധിക്കാനുണ്ട്. മുട്ടയുടെ പുറംതോടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതിന്റെ ഫലം കിട്ടാന്‍ നാലു ദിവസമെങ്കിലും എടുക്കും. മുട്ട കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കാനായി ശീതീകരണിയില്‍ വെയ്ക്കുന്നത് മൂലമാണ് കട്ടിയുള്ള പുറംതോട് ഉണ്ടാകുന്നതെന്നും വെറ്റിനറി സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. കൊച്ചിയിലെ മാളുകളില്‍ വ്യാജമുട്ടകള്‍ വില്‍ക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇവിടെനിന്നുള്ള സാംപിളുകളും ശേഖരിച്ച് ഉദ്യോഗസ്ഥര്‍ പരിശോധനക്കയച്ചിട്ടുണ്ട്.

കടവന്ത്രക്കടുത്തുള്ള മാളില്‍ നിന്നും വീട്ടമ്മ വാങ്ങിയ മുട്ട വ്യാജമെന്ന പരാതിയാണ് ആദ്യം ഉയര്‍ന്നത്.പിന്നീട് നഗരത്തിലെ മറ്റ് മാളുകളിലും നിരവധി പേര്‍ പരാതിയുമായെത്തി.ഇതോടെ മാളുകള്‍ക്ക് മുന്നില്‍ മുട്ടപൊട്ടിച്ചടക്കം പ്രതിഷേധവുമുണ്ടായി.ഇതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തത് .ഇതിനിടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മാളുകളില്‍ മുട്ടവില്‍പന പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്.