തിരുവനന്തപുരം: സിബി കല്ലിങ്കലിന് ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്കാരം. കൃഷി വിഭാഗത്തിലാണു തൃശൂര്‍ പട്ടിക്കാട്ട് സ്വദേശി സിബി കല്ലിങ്കലിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഏഷ്യാനെറ്റ് ന്യൂസിന്റെ 20 വാര്‍ഷികത്തോടനുബന്ധിച്ചാണു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവ പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കി ആദരിക്കുന്നത്.

ആറ് ഇനത്തിലേറെ തെങ്ങുകള്‍, അതിലേറെ മാവിനങ്ങള്‍, 20 ഇനം കുരുമുളക്, വാഴ, കാപ്പി, ജാതി, പച്ചക്കറി, പശു, അലങ്കാര മത്സ്യങ്ങള്‍, മത്സ്യക്കൃഷി തുടങ്ങിയവകൊണ്ടു സമൃദ്ധമാണു സിബിയുടെ കൃഷിയിടം. കേരള കാര്‍ഷിക സര്‍വകലാശാലയും സംസ്ഥാന കൃഷി വകുപ്പും നാളികേര വികസന കോര്‍പ്പറേഷനും സിബി കല്ലിങ്കലിന്റെ തോട്ടം മാതൃകാ കൃഷിത്തോട്ടമായി തെരഞ്ഞെടുത്തിരുന്നു.

പരിസ്ഥിതി വിഭാഗത്തിലെ പുരസ്കാരം അഡ്വ. ഹരീഷ് വാസുദേവനാണ്. കാര്‍ഷിക മേഖലയ്ക്കു പുറമേ സാഹിത്യം, രാഷ്ട്രീയം, സംഗീതം, കായികം എന്നീ മേഖലകളിലും യുവ പ്രതിഭകള്‍ക്കു കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്കാരം.