കലൂരില്‍ പണമിടപാട് നടത്തുന്ന തമിഴ്നാട് സ്വദേശി ചെല്ലമുത്തുവിനെതിരെ സിറ്റി പൊലീസ് കമീഷണര്‍ എം.പി ദിനേശിന് രഹസ്യവിവരം ലഭിച്ചിരുന്നു. അമിതമായി പലിശ വാങ്ങുന്നു എന്നായിരുന്നു പ്രധാന പരാതി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം നോര്‍ത്ത് സി.ഐ ആയ ടി.ബി വിജയനെ ചുമതലപ്പെടുത്തി. എന്നാല്‍ ചെല്ലമുത്തുവിന് പണമിടപാട് നടത്തുന്നതിനുള്ള ലൈസന്‍സ് ഉണ്ടെന്നും അത് കൊണ്ട് കേസെടുക്കേണ്ടതില്ലെന്നും വിജയന്‍ റിപ്പോര്‍ട്ട് നല്‍കി. തൊട്ടുപിറകെ ചെല്ലമുത്തുവില്‍ നിന്ന് സി.ഐ ഒരു ലക്ഷം രൂപ വാങ്ങിയതായി കമീഷണര്‍ക്ക് വിവരം ലഭിച്ചു. ഇതേക്കുറിച്ച് നടത്തിയ രഹസ്യാന്വേഷണത്തില്‍ ആരോപണം സത്യമെന്നു തെളിഞ്ഞു. തുടര്‍ന്ന് സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഐജി പി വിജയന്‍ സസ്‌പെന്‍റ് ചെയ്യുകയുമായിരുന്നു. സി.ഐ വിജയനെതിരെ സംസ്ഥാന ഇന്‍റലിജന്‍സും മുമ്പ് കമീഷണര്‍ക്ക് വിവരം നല്‍കിയിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ വിജയനെതിരെ ഉയരുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.