ദില്ലി: ചരിത്രപ്രധാനമായ നിരവധി വിധിപ്രസ്താവങ്ങൾക്ക് ശേഷം ഇന്ത്യയുടെ നാൽപ്പത്തിയഞ്ചാമത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങി. പതിന്നാല് മാസമാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്. ഈ കാലയളവില്‍ മുഴുവൻ ഇന്ത്യയുടെ പരമോന്നതനീതിപീഠം മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നിന്നിരുന്നു.
ദില്ലി: ചരിത്രപ്രധാനമായ നിരവധി വിധിപ്രസ്താവങ്ങൾക്ക് ശേഷം ഇന്ത്യയുടെ നാൽപ്പത്തിയഞ്ചാമത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങി. പതിന്നാല് മാസമാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്. ഈ കാലയളവില്‍ മുഴുവൻ ഇന്ത്യയുടെ പരമോന്നതനീതിപീഠം മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നിന്നിരുന്നു.
രാവിലെ ആശംസകൾ നേർന്ന മാധ്യമപ്രവർത്തകരോടും അഭിഭാഷകരോടും ദീപക് മിശ്ര പറഞ്ഞതിങ്ങനെയായിരുന്നു. 'ഇപ്പോഴെന്‍റെ ഹൃദയത്തിൽ നിന്ന് സംസാരിക്കുകയാണ് ഞാൻ, വൈകിട്ട്, മനസ്സ് തുറക്കാം'. വിടവാങ്ങള്‍ പ്രസംഗത്തില്‍ കവിതകളും ചരിത്രപരാമർശങ്ങളും ഉദ്ധരണികളുമായാണ് ദീപക് മിശ്ര സംസാരിച്ചുതുടങ്ങിയത്.
ഞാൻ ആളുകളെ വിലയിരുത്തുന്നത് ചരിത്രത്തിന്‍റെ അടിസ്ഥാനത്തിലല്ല, വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. നിങ്ങളുടെ നല്ല വാക്കുകൾക്കെല്ലാം ഞാൻ നന്ദി പറയുന്നു. ഹൃദയത്തിൽ നിന്ന് തന്നെ സംസാരിക്കാൻ തീരുമാനിക്കുകയാണ് ഞാൻ. ദന്തഗോപുരവാസികൾക്കും യാഥാർഥ്യത്തിനും ഇടയിലുള്ളവരാണ് അഭിഭാഷകർ. അവരാണ് ജനങ്ങളെ കോടതിയുമായി ബന്ധിപ്പിയ്ക്കുന്ന കണ്ണി. സാധാരണക്കാരന് നീതി ഉറപ്പാക്കുന്നതാകണം നീതി ന്യായസംവിധാനം. കണ്ണീരിന് പണക്കാരന്‍റേതെന്നോ, പാവപ്പെട്ടവന്‍റേതെന്നോ ഭേദമില്ലെന്ന് പറഞ്ഞ ദീപക് മിശ്ര വിവാദങ്ങളെക്കുറിച്ച് പരോക്ഷ പരാമർശവുംന നടത്തി.
ഒരു സംവാദത്തിൽ തോൽക്കുന്നവൻ പിന്നീട്, നിങ്ങളെ നേരിടുന്നത് ആരോപണങ്ങൾ കൊണ്ടാകും അത്തരം എല്ലാ ആക്രമണങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ജുഡീഷ്യറി നിലനിൽക്കുന്നത്. സുപ്രീംകോടതി എന്നും സുപ്രീം ആയിരിക്കണം. അത് നീതി നിർവഹണത്തിലും അങ്ങനെയാകണം. ആത്മകഥ എഴുതണമെന്ന് പലരും എന്നോട് പറയുന്നു, എന്നെങ്കിലും ഒരു ആത്മകഥ എഴുതിയാൽ അതിന്‍റെ പേര്, 'നോ അന്‍റോണിയൻ, നോ റെറ്ററിക്സ്' എന്നാകും.
വിവാദങ്ങളും പുരോഗമനപരമായ വിധികളുമായി സുപ്രീംകോടതി എന്നും വാർത്തകളിൽ നിറഞ്ഞ കാലമായിരുന്നു ദീപക് മിശ്രയുടേത്. ജനാധിപത്യം അപകടത്തിലാണെന്ന് ദീപക് മിശ്രയോട് ആദ്യം പറഞ്ഞത് സ്വന്തം സഹപ്രവർത്തകരായിരുന്നു. കോടതിമുറിയുടെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് 'പരാമർശങ്ങളും' 'നിരീക്ഷണങ്ങളും' മാത്രം നടത്തുന്ന നാല് ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ വാർത്താ സമ്മേളനം നടത്തി. ഇന്ത്യയുടെ നീതിന്യായചരിത്രത്തിലാദ്യമായിരുന്നു അത്.
ഒരു ചീഫ് ജസ്റ്റിസിനെതിരെ ആദ്യമായി പ്രതിപക്ഷത്തിന്‍റെ ഇംപീച്ച്മെന്‍റ് നീക്കം വന്നതും ദീപക് മിശ്രയുടെ കാലത്തായിരുന്നു.എന്നും അധികാരത്തോട് കൂറു പുലർത്തിയെന്നും, കേസുകൾ ഇഷ്ടക്കാരുള്ള ബഞ്ചുകൾക്ക് മാത്രം വിടുന്നുവെന്നും ദീപക് മിശ്ര വിമർശനം കേട്ടു. മെഡിക്കൽ കോളേജ് അഴിമതിക്കേസിൽ ആരോപണവിധേയനായി.
ഹൈക്കോടതി ജഡ്ജിയടക്കം അറസ്റ്റിലായ കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന ഹർജി ജസ്റ്റിസ് ജെ.ചെലമേശ്വർ വിശാലബഞ്ചിന് നൽകി. അസാധാരണനടപടിയിലൂടെ ചെലമേശ്വറിന്‍റെ ഉത്തരവ് റദ്ദാക്കി ദീപക് മിശ്ര. ചീഫ് ജസ്റ്റിസായ തനിക്കാണ് കേസുകൾ വീതിച്ച് നൽകാനുള്ള അധികാരമെന്ന് ആവർത്തിച്ചു. ആരാണ് കോടതിയിലെ മാസ്റ്റർ എന്ന ചോദ്യത്തിന് സംശയലേശമന്യെ ഉത്തരം നൽകി: 'മാസ്റ്റർ ഓഫ് ദ റോസ്റ്റർ ചീഫ് ജസ്റ്റിസ് തന്നെ'.
