തിരുവനന്തപുരം: ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ചതിന് ക്ഷമചോദിച്ച് പാറശ്ശാല എംഎല്‍എ സി കെ ഹരീന്ദ്രന്‍. ഡെപ്യൂട്ടി കലക്ടറെ ജനരോഷത്തില്‍ നിന്ന് രക്ഷിക്കാനായിരുന്നു തന്റെ ശ്രമമെന്നാണ് എംഎല്‍എയുടെ വിശദീകരണം. കലക്ടര്‍ വിളിച്ച യോഗത്തില്‍ ഡെപ്യൂട്ടി കലക്ടറോട് സംസാരിക്കുമെന്നും എം.എല്‍.എ. ഉറപ്പുനല്‍കി. ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നൂവെന്നും ഉച്ചയ്ക്ക് ശേഷം നേരില്‍ കണ്ട് സംസാരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

കുന്നത്തുകാല്‍ ക്വാറി അപകടത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി ബന്ധപ്പെട്ട നാട്ടുകാര്‍ നടത്തിയ ഉപരോധത്തിനിടെയായിരുന്നു എംഎല്‍എയുടെ അധിഷേപം. സംഭവത്തില്‍ വനിത കമ്മിഷന്‍ അടക്കം അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ സി.കെ.ഹരീന്ദ്രനെ ഫോണില്‍ വിളിച്ച് വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.

ക്വാറി പൂട്ടണമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് 25ലക്ഷം രൂപ സഹായധനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാരായമുട്ടത്ത് റോഡ് ഉപരോധിക്കുന്നതിനിടെ ക്വാറി ഉടമകളില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങി മരിച്ച തൊഴിലാളിയുടെ ബന്ധുക്കള്‍ക്ക് ഉടന്‍ നല്‍കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ പ്രഖ്യാപിച്ചതാണ് സ്ഥലം എംഎല്‍എയെ പ്രകോപിപ്പിച്ചത്. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ എംഎല്‍എയുടെ അധിക്ഷേം. നിന്നെ ആരാടി ഇങ്ങോട്ട് എടുത്തത് എന്നായിരുന്നു ഡെപ്യൂട്ടി കലക്ടര്‍ എസ്.കെ.വിജയയോടുള്ള പ്രധാനചോദ്യം. ഇതോടെ നാട്ടുകാരും ക്ഷുഭിതരായി. സഹായധനം സര്‍ക്കാര്‍ നല്‍കുമെന്ന് എംഎല്‍എ പ്രഖ്യാപിച്ചതോടെ രംഗം ശാന്തമായി. സംഭവത്തെക്കുറിച്ച് ജില്ലാകളക്ടര്‍ ഡെപ്യൂട്ടികളക്ടറോട് വിവരങ്ങളാരാഞ്ഞിട്ടുണ്ട്. 25 ലക്ഷം രൂപ സഹായം വേണമെന്ന നാട്ടുകാരുടെ ആവശ്യം മന്ത്രിസഭായോഗം പരിഗണിക്കുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി. എം.എല്‍.എയുടെ ഭീഷണിക്കുപിന്നാലെ മറ്റൊന്നും പറയാകെ ഡെപ്യൂട്ടി കലക്ടര്‍ സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു.