ചെന്നൈ: ജയലളിതയുടെ മണ്ഡലമായിരുന്ന ആ‌ർകെ നഗറിലെ സ്ഥാനാർഥിയെച്ചൊല്ലി ഇപിഎസ്, -ഒപിഎസ് ക്യാംപുകളിൽ ഭിന്നത രൂക്ഷം. ഇന്നലെ ചേർന്ന പാർട്ടി യോഗത്തിൽ സമവായമാകാത്തതിനാൽ തീരുമാനം അണ്ണാ ഡിഎംകെ രാഷ്ട്രീയകാര്യസമിതിയ്ക്ക് വിട്ടു. അതിനിടെ മൂന്ന് എംപിമാർ മറുകണ്ടം ചാടി എടപ്പാടിയെ കാണാനെത്തിയത് ടിടിവി ദിനകരന് തിരിച്ചടിയായി. 

പാ‍ർട്ടി ആസ്ഥാനത്തു നിന്ന് മടങ്ങിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തെരഞ്ഞെടുപ്പ് സംബന്ധിച്ച് സ്വപക്ഷത്തെ നേതാക്കളുമായി വീട്ടിൽ വെച്ച് പ്രത്യേക ചർച്ച നടത്തി. ഇന്നലെ ചേർന്ന പാർട്ടി യോഗത്തിൽ വീണ്ടും പഴയ പാർട്ടി പ്രസിഡീയം ചെയർമാൻ മധുസൂദനനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന് ഒപിഎസ് പക്ഷത്തെ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും എടപ്പാടി വഴങ്ങിയില്ല. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ ബുധനാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിയ്ക്കുമെന്നും താൽപര്യമുള്ളവർക്ക് അപേക്ഷകൾ നൽകാമെന്നും പറഞ്ഞ് മറ്റ് പാർട്ടി ഭാരവാഹികളും തലയൂരി. 

അതേസമയം രണ്ട് ഇല ചിഹ്നം പോയതോടെ ദിനകരൻ പക്ഷത്തുണ്ടായിരുന്ന എംപിമാരായ വിജില സത്യനാഥ്, നവനീത കൃഷ്ണൻ, ഗോപാലകൃഷ്ണൻ എന്നിവർ വീണ്ടും ഇപിഎസ് പക്ഷത്തേയ്ക്ക് കൂറ് മാറി. സ്ഥാനാർഥി പ്രഖ്യാപനത്തിൽത്തന്നെയുള്ള ഈ കല്ലുകടി പിന്നീട് തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍.