ദില്ലി: കൈപ്പത്തിയിൽ ടീച്ചറുടെ പേരെഴുതിവച്ച് ഏഴാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു. ഇന്ദ്രപുരിയിലെ വീട്ടിൽ ശനിയാഴ്ച നാല് മണിക്കായിരുന്നു സംഭവം. തനിക്ക് ഇനി സ്കൂളിൽ പോകേണ്ടെന്നും കൈപ്പത്തിയിൽ എഴുതിയിരുന്നതായി മുതിർന്ന പൊലീസ് ഉ​ദ്യോ​ഗസ്ഥൻ മധുപ് തിവാരി വ്യക്തമാക്കി. വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

"ശ്രീകൃഷ്ണാ ഞാൻ അങ്ങയുടെ അടുത്തേക്ക് വരുകയാണ്. അമ്മ ഐ ലവ് യു" എന്നായിരുന്നു ആത്മഹത്യക്കുറിപ്പിൻ ഉണ്ടായിരുന്നത്. അമ്മയോടും മുത്തശ്ശിയോടും ക്ഷമ ചോദിക്കുന്നുവെന്നും ശ്രീകൃഷ്ണനെ കാണാൻ പോകുകയാണെന്നും കുറിപ്പിൽ പറയുന്നു. വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 
  
സംഭവം നടന്ന ദിവസം പെൺകുട്ടിയുടെ അമ്മ വൈകിട്ട് നാല് മണിയോടെയാണ് മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ടിസ് ഹസാരി കോടതിയിലെ അഭിഭാഷകയാണ് പെൺകുട്ടിയുടെ അമ്മ. സ്കൂളിലെ അധ്യാപകരെക്കുറിച്ച് മകൾ എന്നും പരാതി പറയാറുണ്ടായിരുന്നു. ആരോപണവിധേയയായ ടീച്ചർ മകളെ എന്നും അസഭ്യം പറയുകയും ശാസിക്കുകയും അപമാനിക്കുകയും ചെയ്യുമായിരുന്നു. ബയോളജി ലാബിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച പത്ത് മിനിറ്റോളം അപമാനിക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. അന്ന് മകൾ സ്കൂളിലെ ബാത്ത്റൂമിൽ ഇരുന്ന് കര‍ഞ്ഞിരുന്നെന്നും അമ്മ പറയുന്നു. 

നിരന്തരമുള്ള പരാതിയെത്തുടർന്ന് മകളെ സ്കൂൾ മാറ്റി ചേർത്തിരുന്നു. എന്നാൽ കാര്യങ്ങളുടെ ​ഗൗരവും തനിക്കറിയില്ലായിരുന്നു. മകൾ ആത്മഹത്യ ചെയ്യുമെന്ന് സങ്കൽപ്പിച്ചിട്ട് പോലുമില്ലെന്നും അമ്മ കൂട്ടിച്ചേർത്തു. സംഭവത്തിൽ സമ​ഗ്ര അന്വേഷണം നടത്തുമെന്നും പൊലീസുമായി പൂർണ്ണമായി സഹകരിക്കുമെന്നും സ്കൂൾ മനേജ്മെന്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.  

അതേസമയം പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മറ്റ് കാര്യങ്ങൾ പറയാൻ കഴിയുള്ളുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാ​ഗമായി പെൺകുട്ടിയുടെ സഹപാഠികളോട് സംസാരിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.