ഹജ്ജ് തീര്‍ഥാടകരുടെ ഒഴുക്ക് അവസാന ഘട്ടത്തില്‍. ഹജ്ജിനു മുമ്പുള്ള അവസാന വെള്ളിയാഴ്ച ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മക്കയിലെ ഹറം പള്ളിയിലെത്തി. ഹജ്ജ് വേളയില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
14,05,924 വിദേശ തീര്‍ഥാടകര്‍ ഇന്നലെ വരെ സൗദിയിലെത്തി. 7,99,849തീര്‍ഥാടകര്‍ ഇതുവരെ മദീന സന്ദര്‍ശിച്ചതായി അധികൃതര്‍ അറിയിച്ചു. ഹജ്ജിനെത്തിയ പന്ത്രണ്ട് ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകര്‍ ഇപ്പോള്‍ മക്കയിലാണുള്ളത്. ഹജ്ജിനു മുമ്പുള്ള അവസാനത്തെ വെള്ളിയാഴ്ച ആയതിനാല്‍ മക്കയിലെ ഹറം പള്ളിയില്‍ അഭൂതപൂര്‍വമായ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. ഹറം പള്ളിയിലെ ജുമുഅ നിസ്കാരത്തില്‍ ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ ഹാജിമാര്‍ പങ്കെടുത്തു. ജുമുഅ നിസ്കാരം കഴിഞ്ഞു മടങ്ങുന്ന ഇന്ത്യക്കാരെ സഹായിക്കാനായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ജീവനക്കാരോടൊപ്പം മക്കയിലും ജിദ്ദയിലുമുള്ള സന്നദ്ധ സംഘടനകളുടെ നൂറുക്കണക്കിനു വളണ്ടിയര്‍മാര്‍ രംഗത്തുണ്ടായിരുന്നു.
അതേസമയം തീര്‍ഥാടകരുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ നിയമ മന്ത്രാലയം മക്കയില്‍ പതിനെട്ടു യൂണിറ്റുകള്‍ ആരംഭിക്കും. മക്ക, മിന, അറഫ എന്നിവിടങ്ങളിലാണ് മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത്. അതേസമയം ഹജ്ജ് വേളയില്‍ മിനായിലും അറഫയിലും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 45 ഡിഗ്രീ സെല്‍ഷ്യസ് വരെയായിരിക്കും ഹജ്ജ് വേളയില്‍ ഇവിടെ അനുഭവപ്പെടുന്ന താപനില.
