ദില്ലി: ദില്ലി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കുരുങ്ങി. ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച എയർ ഇന്ത്യ വിമാനവും എത്യോപ്യൻ എയർലൈൻസും തമ്മിലാണ് കുരുങ്ങിയത്. യാത്രക്കാരെ ഇറക്കിയ ശേഷം പാർക്ക് ചെയ്തിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ ചിറക് എത്യോപ്യൻ വിമാനത്തിന്റെ ചിറകിൽ തട്ടുകയായിരുന്നു.
എത്യോപ്യൻ വിമാനം പറന്നുയരാൻ തയാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. വിമാനത്തിൽ 190 യാത്രക്കാരാണ് ഈ സമയം ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടം സംബന്ധിച്ച് സിവിൽ ഏവിയേഷൻ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
