സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കുന്ന ഒന്നും അനുവദിച്ചുകൊടുക്കാനാകില്ലെന്ന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ ചില പ്രശ്നങ്ങളുണ്ടായപ്പോള്‍ വൈകാരിക പ്രതികരണങ്ങള്‍ വന്നു. പക്ഷേ എന്നും അതേ തരത്തിലേ പ്രതികരിക്കൂ എന്ന നിലപാട് ആര്‍ക്കും നല്ലതല്ലെന്ന് മുഖ്യമന്ത്രി ഓര്‍പ്പിക്കുന്നു. അഭിഭാഷകര്‍ ചെയ്യുന്നതിലെ ശരിയില്ലായ്മ മനസ്സിലാക്കി പിന്മാറണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. രാവിലെ നിയമസഭാ മന്ദിരത്തില്‍ മാധ്യമ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിനായി നേരിട്ട് ഇടപെടുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

നേരത്തെ ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍, സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനം പ്രതിപക്ഷമടക്കം ഉന്നയിച്ചിരുന്നു.സംഘര്‍ഷം ഒഴിവാക്കേണ്ടതല്ലേയെന്ന ചോദ്യത്തിന് തല്ലാനും തല്ലൂകൊള്ളാനും ആരും അങ്ങോട്ടേക്ക് പോകേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വന്‍ വിവാദമായിരുന്നു. മാധ്യമങ്ങളെ കോടതികളില്‍ നിന്ന് വിലക്കുന്നത് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു.