കൊച്ചി: തൃപ്പൂണിത്തുറയിൽ കോടതി ഉത്തരവിന്‍റെ പേരിൽ വീടൊഴിപ്പിക്കപ്പെട്ട വൃദ്ധദമ്പതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കുടുംബത്തിന് അതേ വീട്ടിൽ കഴിയാൻ വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.വീട് പുതുക്കി പണിയുമെന്ന് സിപിഎം അറിയിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിലെ ചേംബർ മുറിയിലായിരുന്നു കൂടികാഴ്ച.
മുഖ്യമന്ത്രിയെ കാത്തിരുന്ന കുടുംബത്തിന്റെ മുന്നിലേക്ക് ചിരി തൂകി മുഖ്യൻ എത്തി. കൈകൂപ്പി നിന്ന വിലാസിനിക്കും രാമനും കൈകൊടുത്ത് പിണറായിയുടെ സ്നേഹം.വിലാസിനിയുടെ നീലയുടുപ്പുകാരി കൊച്ചു മകളോട് പിണറായി കുശലാന്വേഷണം നടത്തി. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയോട് വിലാസിനിക്കും കുടുംബത്തിനും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ.ഇനി ആരും വീട്ടിൽ നിന്നിറക്കി വിടരുത്
വെറും നാല് മിനിറ്റായിരുന്നു കൂടിക്കാഴ്ചയുടെ നീളം.പക്ഷെ ഒരു കുടുംബത്തിന്‍റെ മനസ് നിറയ്ക്കുന്നതായി ആ നിമിഷങ്ങളെല്ലാം. ലേലത്തിന് വിറ്റ വീട് തിരിച്ച് പിടിക്കാനുള്ള തുക സർക്കാർ നൽകുമെന്നാണ് വാഗ്ദാനം.വീട് പുതുക്കിപണിയുമെന്ന് സിപിഎമ്മും അറിയിച്ചു ജപ്തി നടപടിയുടെ ഭാഗമായി വീട് ഒഴിപ്പിച്ച വൃദ്ധദമ്പതികളെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് വീട്ടിൽ തിരിച്ചെത്തിച്ചത്. ഏറ്റവും ഒടുവിലായാണ് സഹായഹസ്തവുമായി മുഖ്യമന്ത്രി കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്.
