ആരോഗ്യമന്ത്രിയുടെ തീരുമാനം മാറ്റിവെച്ച്, വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാത്ത ഉദ്യോഗസ്ഥനെ ഡ്രഗ്സ് കണ്‍ട്രോളറാക്കാന്‍ നീക്കം. മുഖ്യമന്ത്രിയുടെ ഓഫിസും ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുമാണ് ഇതിനു പിന്നില്‍. വിജിലന്‍സ് അനുമതിക്ക് പകരം ഈ ഉദ്യോഗസ്ഥനു വേണ്ടി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മുന്‍കൈയില്‍ റിപ്പോര്‍ട്ടുണ്ടാക്കിയാണ് നിയമന നീക്കം.

ഇപ്പോള്‍ ഡ്രഗ്സ് കണ്‍ട്രോളറുടെ ചുമതലയുള്ള രവി എസ് മേനോന് നിയമനം നല്‍കാനാണ് വിവാദ നീക്കം. ഡ്രഗ്സ് കണ്‍ട്രോളറക്കാന്‍ പരിഗണിച്ച മൂന്നു ഉദ്യോഗസ്ഥരില്‍ രവി എസ്.മേനോന് മാത്രം വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയില്ല. പട്ടികയിലുണ്ടായിരുന്ന എം.ആര്‍ പ്രദീപിനും മോളിക്കുട്ടിക്കും ക്ലിയറന്‍സ് കിട്ടി. രവി എസ് മേനോന്റെ ക്ലിയറന്‍സ് പ്രശ്നം മറികടക്കാന്‍ ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി നേരിട്ടിറങ്ങി. ഡെപ്യൂട്ടി സെക്രട്ടറി ജയിംസ് രാജിനെക്കൊണ്ട് അന്വേഷണം നടത്തി മേനോന് ക്ലീന്‍ ചിറ്റ് തരപ്പെടുത്തി. പട്ടികയില്‍ നിന്ന് പുറത്തായ രവി.എസ് മേനോനെ നിയമന പട്ടികയില്‍ തിരികെയെത്തിച്ചു. ഇതിന് ശേഷം ഫയല്‍ ആരോഗ്യമന്ത്രിക്ക് കൈമാറി. 

എന്നാല്‍ എം.ആര്‍ പ്രദീപിനെ ഡ്രഗ്സ് കണ്‍ട്രോളറക്കാമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ തീരുമാനം. ഫയല്‍ ഈ മാസം ആറിന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയെങ്കിലും ഇതുവരെ തീരുമാനമായില്ല. അഡിഷണല്‍ എ.ജിയുടെ നിയമോപദേശം തേടാനാണ് ഇപ്പോഴത്തെ ആലോചന. ജനുവരി 20ന് തുടങ്ങിയ ഫയല്‍ നീക്കമാണ് ഇപ്പോഴും എങ്ങുമെത്താതെ നില്‍ക്കുന്നത്. അതേസമയം തനിക്കെതിരെ വിജിലന്‍സ് കേസുകളോ അന്വേഷണമോ നിലവിലില്ലെന്നും പ്രത്യേക അന്വേഷണം നടത്തിയത് ഭരണപരമായ പ്രശ്നങ്ങളുള്ളതിനാലാണെന്നും രവി എസ് മേനോന്‍ പ്രതികരിച്ചു.