ശബരിമല: മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തി. തീര്‍ത്ഥാടനകാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ രാത്രിയിലാണ് മുഖ്യമന്ത്രി ശബരിമല സന്നിധാനത്തെത്തിയത്. വഴിയിലൊന്നും വിശ്രമിക്കാതെയാണ് പമ്പയില്‍ നിന്നും കാല്‍നടയായി മുഖ്യമന്ത്രി മലചവിട്ടിയത്. തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സന്നിധാനത്തും പമ്പയിലും നടക്കുന്ന വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനുമാണ് മുഖ്യമന്ത്രി ശബരിമലയിലെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പമ്പയിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ്ഹൗസില്‍ വിശ്രമിച്ച ശേഷം 8.50ന് സന്നിധാനത്തേക്ക് യാത്രതിരിച്ചു. രാത്രി 10.30ന് സന്നിധാനത്ത് എത്തി. മന്ത്രിമാരായ മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ മുമ്പേ സന്നിധാനത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയോടൊപ്പം രാജു എബ്രഹാം എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവരും ഉണ്ടായിരുന്നു.