തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരെ നിരന്തമായ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പൊലീസ് നയം വ്യക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ച പൊലീസുദ്യോഗസ്ഥരുടെ ആദ്യ യോഗം ഇന്ന് ചേരും. തിരുവനന്തപുരം റെയ്ഞ്ച് ഐജിയുടെ കീഴിലുള്ള എസ്‌ഐ മുതലുള്ള പൊലീസുകാരെയാണ് യോഗത്തിന് വിളിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുപ്രാവശ്യം ഉന്നതപൊലീസുദ്യോഗസ്ഥരുടെ യോഗം പൊലീസ് ആസ്ഥാനത്ത് വിളിച്ചിരുന്നു. ഉന്നതഉദ്യോഗസ്ഥരോട് വീഡിയോ കോണ്‍ഫറന്‍സ് വഴിയും പൊലീസ് നയം മുഖ്യമന്ത്രി പിന്നീടും ആവര്‍ത്തിച്ചിരുന്നു. യുഎപിഎ - കാപ്പ നിയമങ്ങള്‍ ചുമത്തുമ്പോള്‍ ജാഗ്രത പാലിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടാകരുത്. ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍. പക്ഷെ കഴിഞ്ഞ പത്തുമാസം പൊലീസ് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്നത് ഈ കാര്യങ്ങളിലാണ്. നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചക്കട നടപടി സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റി. എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ പൊലീസ് നയം താഴെ തട്ടില്‍ എത്തിയിട്ടില്ലെന്ന് പൊതുവികാരത്തില്‍ അടിസ്ഥാനത്തിലാണ് എസ്‌ഐ തലം മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. തിരുവനന്തപുരം റെയ്ഞ്ച് ഐജിയുടെ കീഴിലുള്ള എസ്‌ഐമാര്‍ മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ഉച്ചക്കുശേഷം ടെക്‌നോപാര്‍ക്കിലെ പാര്‍ക്ക് സെന്റില്‍ ചേരും. ക്രമസമാധാപാലനം, കുറ്റാന്വേഷണം, ട്രാഫിക് നിയന്ത്രണം, ആധുനികവത്ക്കരണം തുടങ്ങിയ പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാനും അവസരമുണ്ടാകും. മറ്റ് മൂന്നു റെയ്ഞ്ചിലെയും യോഗം വരും ദിവസങ്ങളില്‍ ചേരുന്നുണ്ട്.
