കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്രാ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ സമ്മാനിച്ചു. വ്യത്യസ്ഥ മേഖലകളില്‍ മികവ് തെളിയിച്ച 45 വയസില്‍ താഴെയുളള ആറ് പ്രതിഭകളാണ് ആദരിക്കപ്പെട്ടത്. കേരളീയ സമൂഹത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷം ജനത്തിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക രംഗത്തെ സംഭാവനകള്‍ക്ക് സിബി കല്ലിങ്കല്‍, സാഹിത്യരംഗത്തുനിന്ന് സുഭാഷ് ചന്ദ്രന്‍, സംഗീത ലോകത്തുനിന്ന് വൈക്കം വിജയലക്ഷ്മി, രാഷ്ടീയ രംഗത്തുനിന്ന് വിടി ബല്‍റാം, പരിസ്ഥിത സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്വ ഹരീഷ് വാസുദേവന്‍, കായിക രംഗത്തെ മികവിന് ഇന്ത്യന്‍ ഹോക്കി ക്യാപ്ടന്‍ പി ആര്‍ ശ്രീജേഷ് എന്നിവരാണ് ഏഷ്യാനെറ്റ് ന്യൂസ് കീര്‍ത്തിമുദ്രാ പുരസ്‌കാരം നേടിയത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. പി ആര്‍ ശ്രീജേഷിനായി ഭാര്യ ഡോ. അനീഷ്യയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കേരളത്തില്‍ ദൃശ്യ ആസ്വാദന സംസ്‌കാര രൂപീകരണത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ വിഭാഗത്തിലും അര്‍ഹതപ്പെട്ടവരെത്തന്നെയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ ഫ്രാങ്ക് പി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫസര്‍ കെ വി തോമസ് എം പി, വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, മേയര്‍ സൗമിനി ജയിന്‍, എഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, വര്‍മ ഹോംസ് എംഡി അനില്‍ വര്‍മ, ഐ സി എല്‍ ഫിന്‍കോര്‍പ് എംഡി കെ ജി അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിലുളള പ്രമുഖരും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അതിഥികളായെത്തി. ലോക മലയാളി സമൂഹത്തില്‍ ജനപ്രീതിയിലും വിശ്വാസ്യതയിലും ഒന്നാമതുളള ഏഷ്യാനെറ്റ് ന്യൂസ്, രണ്ട് പതിറ്റാണ്ട് പിന്നിട്ട വേളയിലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.