തിരുവനന്തപുരം: വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ കേരളം കമ്യൂണിസ്റ്റുകാരുടെ സ്വര്‍ഗ്ഗം എന്ന പേരില്‍ വന്ന ലേഖനത്തിന്‍റെ പേരിൽ മന്ത്രി തോമസ് ഐസക്കിന് മുഖ്യമന്ത്രി പിണറായിയുടെ വിമര്‍ശനം. സിപിഎം സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ധനമന്ത്രിയെ വിമര്‍ശിച്ചത്. അതേ സമയം നിയമലംഘനത്തിന്‍റെ പേരിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യപ്പെട്ടത് നാല് അംഗങ്ങൾ. സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ തുടര്‍ ചര്‍ച്ചകൾ കര്‍ശനമായി വിലക്കി. 

തോമസ് ചാണ്ടി വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉന്നയിച്ചത് മന്ത്രി ഏകെ ബാലൻ അടക്കം നാല് പേർ. ക്രമക്കേടും നിയമലംഘനവും മുതൽ കോടതിയുടെ ത്വരിത പരിശോധനാ ഉത്തരവ് കൂടി പുറത്ത് വന്ന സാഹചര്യത്തിൽ തോമസ് ചാണ്ടി അധികാരത്തിൽ തുടരുന്നത് ശരിയല്ല. സര്‍ക്കാറിന്‍റെ പ്രതിച്ഛായ കൂടി കണക്കിലെടുത്ത് സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന ചര്‍ച്ച വന്നപ്പോഴേക്കും മുഖ്യമന്ത്രി ഇടപെട്ടു. 

നിയമോപദേശം വരട്ടെ .ഈ ഘട്ടത്തിൽ മറ്റ് അജണ്ടകൾക്ക് പിന്നാലെ പോകാൻ കഴിയില്ല. സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍ ചര്‍ച്ചകൾക്കും വിലക്കിട്ടു . ലോകത്ത് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് തുരുത്തുകളിൽ ഒന്നാണ് കേരളമെന്ന പേരിൽ വാഷിംങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തെ ചൊല്ലിയായിരുന്നു മന്ത്രി തോമസ് ഐസകിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. 

പി കൃഷ്ണപ്പിള്ള ജൻമശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഐസകിനൊപ്പം സഞ്ചരിച്ച് സംസരാരിച്ച് തുടങ്ങുന്ന ലേഖനത്തിലെ കേന്ദ്രബിന്ദുവും തോമസ് ഐസകായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധവക്കണമെന്നും ആവശ്യപ്പെട്ടു. 

ലേഖനം വന്നതിന് തന്നെ കുറ്റപ്പെടുത്തുന്നതെന്തിനെന്ന് തോമസ് ഐസകും തിരിച്ച് ചോദിച്ചു . ജന ജാഗ്രതാ യാത്രക്കിടെയുണ്ടായ മിനികൂപ്പര്‍ വിവാദത്തിലക്കം പ്രാദേശിക നേതൃത്വത്തിന് പിടിപ്പ് കേടുണ്ടായെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍.