Asianet News MalayalamAsianet News Malayalam

നിക്ഷിപ്ത താല്‍പര്യക്കാരുടെ ഹീനശ്രമങ്ങളൊന്നും ഇവിടെ വിലപ്പോവില്ല; ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി

മതനിരപേക്ഷത ആപത്താണെന്ന് കാണുന്നവര്‍ അത് തകര്‍ക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാക്കിയ വിപത്തുകളെക്കുറിച്ച് കേട്ടറിഞ്ഞവരാണ് നാം. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതത്തെയും ജാതിയെയും ഉപയോഗിക്കുകയാണ് ചിലര്‍. ഇത് നാം ഗൗരവമായി കാണണം

cm pinarayi vijayan on sabarimala police issue
Author
Thiruvananthapuram, First Published Nov 3, 2018, 6:22 PM IST

തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് നാടിന്റെ മതനിരപേക്ഷ ഭദ്രത തകര്‍ക്കാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ ഹീനശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിയുടെയും മതത്തിന്റെയും പേരില്‍ പൊലിസ് സേനയെ തന്നെ ചേരിതിരിക്കാനുള്ള ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടികാട്ടി. പൊലിസിനെ നിര്‍വീര്യമാക്കാനുള്ള ശ്രത്തിന്റെ ഭാഗമാണതെന്നും പൊലിസിന് ഒറ്റ മതവും ജാതിയുമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലിസ് എന്നതാണ് അവരുടെ ജാതിയും മതവുമെന്നും അവരെ ഒറ്റതിരിച്ച് ആക്രമിച്ച് നിര്‍വീര്യമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ജനാധിപത്യ സമൂഹം ശക്തമായി അണിനിരക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍


ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് നാടിന്റെ മതനിരപേക്ഷ ഭദ്രത തകര്‍ക്കാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ ഹീനശ്രമങ്ങളെ ശക്തമായി നേരിടും. കെഎപി നാലാം ബറ്റാലിയന്‍-എംഎസ്പി പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു.

മതനിരപേക്ഷ രാജ്യമെന്ന് ഭരണഘടനയില്‍ തന്നെ പ്രഖ്യാപിച്ച നാടാണ് നമ്മുടേത്. രാജ്യത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന മതനിരപേക്ഷ മനസ്സുള്ള ജനതയാണ് കേരളത്തിലേത്. എന്നാല്‍ അടുത്തകാലത്തായി മതനിരപേക്ഷത ആപത്താണെന്ന് കാണുന്നവര്‍ അത് തകര്‍ക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാക്കിയ വിപത്തുകളെക്കുറിച്ച് കേട്ടറിഞ്ഞവരാണ് നാം. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതത്തെയും ജാതിയെയും ഉപയോഗിക്കുകയാണ് ചിലര്‍. ഇത് നാം ഗൗരവമായി കാണണം. മതനിരപേക്ഷത തകര്‍ക്കാനുള്ള ഏതു ശ്രമവും നാടിനാപത്താണ്. അതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ഇത് പ്രായോഗികമായി നടപ്പിലാക്കേണ്ട ഉത്തരവാദിത്തമുള്ള വലിയ വിഭാഗമാണ് പോലിസ്. ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടാണ് കേരള പോലിസ് സ്വീകരിച്ചുവരുന്നത്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോലിസ് നിലപാടിന് ജനങ്ങളില്‍ നിന്ന് വലിയ അഭിനന്ദനം ലഭിക്കുകയുണ്ടായി. എന്നാല്‍ പോലിസിനു നേരെ ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങളും ഇവിടെയുണ്ടായി. മതനിരപേക്ഷതയോടുള്ള അസഹിഷ്ണുതയില്‍ നിന്നാണ് ഇത്തരം ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ പോലിസ് സേനയെ തന്നെ ചേരിതിരിക്കാനുള്ള ശ്രമവും ഇവര്‍ നടത്തി. പോലിസിനെ നിര്‍വീര്യമാക്കാനുള്ള ശ്രത്തിന്റെ ഭാഗമാണത്. പോലിസിന് ഒറ്റ മതവും ജാതിയുമേയുള്ളൂ. പോലിസ് എന്നതാണ് അവരുടെ ജാതിയും മതവും. അവരെ ഒറ്റതിരിച്ച് ആക്രമിച്ച് നിര്‍വീര്യമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ജനാധിപത്യ സമൂഹം ശക്തമായി അണിനിരക്കണം. ഇത്തരം നീക്കം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയും വേണം. ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങളുടെ മുമ്പില്‍ പോലിസ് പതറേണ്ട കാര്യമില്ല. ഐക്യവും അച്ചടക്കവും കൈമുതലാക്കി സതുത്യര്‍ഹമായ സേവനവുമായി മുമ്പോട്ടുപോവുക തന്നെ ചെയ്യണം.

ജനാധിപത്യ സമൂഹത്തിന് ചേര്‍ന്ന രീതിയില്‍ പോലിസിനെ പരിവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനനുസൃതമായി പോലിസ് പരിശീലനം പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസമുള്ളവര്‍ സേനയില്‍ കൂടുതലായി വരുന്നത് പോലിസിന്റെ മുഖച്ഛായ മാറ്റും.

2017 ഡിസംബറില്‍ പരിശീലനം ആരംഭിച്ച കെഎപി നാലാം ബറ്റാലിയനിലെ 422 പോലിസുകാരും എംഎസ്പിയിലെ 425 പോലിസുകാരുമാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.

Follow Us:
Download App:
  • android
  • ios