സിപിഎം ജില്ലാ നേതൃത്വം ജില്ലാ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു.  കാസര്‍കോട് ജില്ലയിലുള്ള മുഖ്യമന്ത്രി ഇന്ന് കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീട്ടിലെത്തിയേക്കും. 

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചന. ഔദ്യോഗിക പരിപാടികളുമായി കാസര്‍കോട് എത്തുന്ന മുഖ്യമന്ത്രി ഇതിനിടയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടു എന്നാണ് ലഭിക്കുന്ന വവരം. മുഖ്യമന്ത്രി വീട്ടിലെത്തുന്നതിനെ കുറിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം എന്താണെന്നും, മുഖ്യമന്ത്രി വന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമോ എന്നും സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളോട് ആരാഞ്ഞു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടനം എന്നീ പൊതുപരിപാടികള‍ില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്. 

അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം. മുഖ്യമന്ത്രി വന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്‍റെ പിതാവ് കൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള പൊലീസിന്‍റെ കഴിവില്‍ തനിക്ക് സംശയമില്ലെന്നും എന്നാല്‍ അന്വേഷണസംഘത്തെ സ്വതന്ത്ര്യരാക്കി വിടാതെ കൃത്യത്തില്‍ പങ്കുള്ള എല്ലാവരേയും പിടികൂടാന്‍ സാധിക്കില്ലെന്നും കൃഷ്ണന്‍ പറഞ്ഞു.