അടുത്ത ആറ് മാസത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കാനാണ് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിട്ടുള്ള കർശന നിര്‍ദേശം. നവരാത്രി പൂജയുടെ ഭാഗമായി ഗൊരഖ്പൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് യോഗി ആദിത്യനാഥ് ഇപ്രകാരം പറഞ്ഞത്. 


ലഖ്നൗ: ബിജെപി മന്ത്രിമാർ വിദേശയാത്രകൾ പരമാവധി ഒഴിവാക്കി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അടുത്ത ആറ് മാസത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കാനാണ് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിട്ടുള്ള കർശന നിര്‍ദേശം. നവരാത്രി പൂജയുടെ ഭാഗമായി ഗൊരഖ്പൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് യോഗി ആദിത്യനാഥ് ഇപ്രകാരം പറഞ്ഞത്. ജനങ്ങൾക്കിടയിൽ കൂടുതൽ സമയം ചെലവഴിക്കാനും മന്ത്രിമാരോട് ആദിത്യനാഥ് ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾക്ക് പാർട്ടിയോട് കൂടുതൽ അടുപ്പം തോന്നിപ്പിക്കാൻ വേണ്ടിയാണിത്. സര്‍ക്കാര്‍ പദ്ധതികളോട് ജനങ്ങള്‍ ഏത് തരത്തിലാണ് പ്രതികരിക്കുന്നത് എന്ന് അറിയുകയും വേണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കേണ്ടതാണെന്നും അദ്ദേഹം ആവർത്തിച്ചു. 

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റില്‍ എട്ട് സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. പിന്നീട് 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയെക്കാത്തിരുന്നത് മികച്ച വിജയമാണ്. യുപിയിലെ ഖൊരഖ്പൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. അ‍ഞ്ച് തവണ യോഗി ആദിത്യനാഥ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിലാണ് പാര്‍ട്ടി ശക്തമായ പരാജയം ഏറ്റുവാങ്ങിയിരുന്നു.