ചെന്നൈ: തൂപ്പുജോലിക്കാരുടെ എം.ബി.എ, എഞ്ചിനീയറിങ് ബിരുദധാരികളായ മക്കള്‍ക്ക് തൂപ്പു ജോലി വാഗ്ദാനം ചെയ്ത് കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍. ദലിത് വിഭാഗത്തില്‍ പെട്ട രോഗബാധിതരായവരും മരണപ്പെട്ടവരുമായ തൂപ്പുജോലിക്കാരുടെ മക്കള്‍ക്കാണ് അനന്തരവകാശികളായി പരിഗണിച്ച് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.
തൂപ്പു ജോലിക്കാരുടെ മക്കളായ 50 ദലിത് ഉദ്യോഗാര്‍ഥികള്‍ക്കായി നേരത്തെ ജൂനിയര്‍ അസിസ്റ്റന്റ് ബില്‍ ടാക്‌സ് കളക്ടര്‍ എന്നീ ജോലകളായിരുന്നു മാറ്റവച്ചത്. ഈ ജോലിക്കാവശ്യമായ യോഗ്യത പത്താം ക്ലാസ് പാസാകണം എന്നതായിരുന്നു.
ഇടക്കാലത്ത് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണമെന്നും യോഗ്യതയായി ചേര്‍ത്തു. തുടര്‍ന്ന് ഗവണ്‍മെന്റ് നടത്തിയ ടൈപ്പ് റൈറ്റിങ് പരീക്ഷയില്‍ പരാജയപ്പെട്ടുവെന്ന് കാട്ടി അമ്പത് ദലിത് ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നിഷേധിക്കുകയായിരുന്നു.
യോഗ്യതയില്ലാത്തവര്‍ ഉയര്‍ന്ന ജോലികളില്‍ ഇരിക്കുമ്പോള്‍ ദലിതരാണെന്ന കാരണത്താലാണ് ഇവര്‍ക്ക് ജോലി നല്‍കാതിരുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ടെസ്റ്റില്‍ പങ്കെടുത്ത അമ്പത് ഉദ്യോഗാര്‍ഥികളും യോഗ്യത നേടാത്തത് സംശയാസ്പദമാണെന്നും കോയമ്പത്തൂര്‍ കോര്‍പ്പറേഷന്റെ നടപടി പക്ഷപാതപരമാണെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
