തിരുവനന്തപുരം: കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റേണല്‍ മാര്‍ക്ക് സംവിധാനം അടിമുടി പരിഷ്‌ക്കരിക്കാന്‍ വിസിമാരുടെ സമിതിയുടെ ശുപാര്‍ശ. ഓരോ ദിവസവും കോളേജിന്റെ വെബ് സൈറ്റില്‍ ഹാജര്‍ പ്രസിദ്ധപ്പെടുത്തണമെന്നും പരാതികള്‍ തീര്‍ക്കാന്‍ ഓഡിറ്റിംഗ് സംവിധാനവും ഓംബുഡ്‌സ്മാനും വേണമെന്നും സമിതി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് പഠിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ഇന്റേണല്‍ മാര്‍ക്കിന്റ പേരില്‍ അധ്യാപകരുടെ പീഡനമെന്ന പരാതി നിര്‍ത്തി കൂടുതല്‍ സുതാര്യമാക്കാനുള്ള ശുപാര്‍ശകളാണ് വിസിമാരുടെ സമിതി മുന്നോട്ട് വെക്കുന്നത്. ഹാജര്‍ നില ഓരോ ദിവസവും കോളേജിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം, ഇന്റേണല്‍ പരീക്ഷ കഴിഞ്ഞ് 5 ദിവസത്തിനുള്ളില്‍ മാര്‍ക്ക് സൈറ്റിലിടണം. രക്ഷിതാക്കള്‍ക്കും കൂടി മാര്‍ക്ക് അറിയാന്‍് കോളേജുകള്‍ മൊബൈല്‍ ആപ്പ് ഉണ്ടാക്കണം. 

പരാതി തീര്‍ത്ത് കുറ്റമറ്റരീതിയില്‍ മാര്‍ക്കിടാന്‍ കോളേജ് തലത്തിലും സര്‍വ്വകലാശാല തലത്തിലും ഓഡിറ്റ് സെല്ലും ഓംബുഡ്‌സ്മാനും രൂപീകരിക്കണം. വിരമിച്ച പ്രിന്‍സിപ്പലായിരിക്കണം കോളേജ് തല ഓംബുഡ്‌സ്മാന്‍. കോളേജ് തലത്തില്‍ പരാതി തീര്‍ന്നില്ലെങ്കില്‍ സര്‍വ്വകലാശാല തലത്തിലുള്ള ഓംബുഡ്‌സ്മാനെ സമീപിക്കാം. വിരമിച്ച ജഡ്ജിയായിരിക്കണം സര്‍വ്വകലാശാല ഓംബുഡ്‌സ്മാന്‍. 

ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജര്‍ നഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കോഴ്‌സ് തുടങ്ങാനും ശൂപാര്‍ശയുണ്ട്. ലോ അക്കാദമി സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച വിസിമാരുടെ യോഗ തീരുമാനപ്രകാരമായിരു്‌നു ഇന്റേണല്‍ മാര്‍ക്ക് പരിഷ്‌ക്കരിക്കാന്‍ എംജി വിസി ഡോക്ടര്‍ ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിത രൂപീകരിച്ചത്.