ബോഗോട്ട: കൊളംബിയയിലെ മൊക്കോവയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 200 കടന്നു. ഔദ്യോഗിക വിവരമനുസരിച്ച് 207 മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി. തിരിച്ചറിഞ്ഞ 170 പേരിൽ 44 പേർ കുട്ടികളാണ്. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു, നിരവധി ആളുകളെ കാണാതായി. പുട്ടുമായോ പ്രവിശ്യയിൽ 1000ത്തോളം വരുന്ന സൈനികർ രക്ഷാ പ്രവർത്തനം തുടരുകയാണ്.
അവസാനത്തെ ആളെയും രക്ഷിക്കും വരെ രക്ഷാദൗത്യം തുടരുമെന്ന് പ്രസിഡന്റ് യുവാൻ മാനുവൽ സാന്റോസ് പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ തുടരുകയാണ്. വെളിച്ചക്കുറവും റോഡുകൾ തകർന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. ഒറ്റരാത്രി കൊണ്ടു പെയ്ത മഴയാണ് ദുരന്തം വിതച്ചത്.
