സൗദി ഓജര്‍ കമ്പനിയിലെ ജീവനക്കാര്‍ മാസങ്ങളായി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് താമസിക്കുന്നത്. ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതിനാല്‍ രോഗം വന്നാല്‍ ആശുപത്രിയില്‍ പോലും പോകാന്‍ കഴിയില്ല.
ജോലിയും ശമ്പളവുമില്ല. ഒരു നേരത്തെ ആഹാരത്തിനു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജിദ്ദയിലെ സൗദി ഒജര്‍ കമ്പനിയിലെ ഇന്ത്യക്കാരുള്‍പ്പെടെ പതിനായിരക്കണക്കിനു തൊഴിലാളികള്‍. ചില ലേബര്‍ കേമ്പ് പരിസരങ്ങള്‍ മാലിന്യജലം കൊണ്ട് നിറഞ്ഞിരിക്കുന്നു. രോഗം വന്നാല്‍ ചികിത്സിക്കാന്‍ നിര്‍വാഹമില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചു. ഒരു വര്‍ഷത്തോളമായി കമ്പനി താമസരേഖയായ ഇഖാമയും പുതുക്കി നല്‍കുന്നില്ല. നാട്ടിലേയ്‍ക്കു പോകാന്‍ തയ്യാറാകുന്നവര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും ഇല്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ സൗദിയില്‍ നില്‍ക്കാനോ നാട്ടിലേക്ക് പോകാനോ കഴിയാത്ത സാഹചര്യത്തിലാണ്.
കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ വിഭാഗം ഏതാണ്ട് പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ലേബര്‍ കേമ്പിലെ കമ്പനി ഓഫീസ് ഒന്നര മാസം മുമ്പ് തന്നെ അടച്ചുപൂട്ടി ജീവനക്കാര്‍ സ്ഥലം വിട്ടു. കേന്ദ്രമന്ത്രി വി കെ സിംഗിന്‍റെ സൗദി സന്ദര്‍ശനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുകയാണ് ഇന്ത്യന്‍ തൊഴിലാളികള്‍.
