ലൈംഗിക അതിക്രമ പരാതിയില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. പരസ്യ പ്രതികരണത്തിനില്ലെന്നും തുടർനടപടികളിലേക്ക് ഇല്ലെന്നും പെൺകുട്ടി പ്രതികരിച്ചു.

പാലക്കാട്: ലൈംഗിക അതിക്രമ പരാതിയില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. പരസ്യ പ്രതികരണത്തിനില്ലെന്നും തുടർനടപടികളിലേക്ക് ഇല്ലെന്നും പെൺകുട്ടി വ്യക്തമാക്കി. പാര്‍ട്ടിയില്‍ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം പാര്‍ട്ടി കാത്തു. അതിന് പാര്‍ട്ടിയോട് നന്ദിയും സ്നേഹവും ഉണ്ടെന്നും പെണ്‍കുട്ടി പ്രതികരിച്ചു.

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ സിപിഐ പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും, എംഎല്‍എയുമായ പികെ ശശിയെ ആറ് മാസത്തേക്ക് പാര്‍ടി അംഗത്വത്തില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം.

പാര്‍ടി പ്രവര്‍ത്തകയോട്‌ പാര്‍ടി നേതാവിന്‌ യോജിക്കാത്ത വിധം സംഭാഷണം നടത്തിയെന്നാണ് ശശിക്കെതിരായ കുറ്റം. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന്‌ വിധേയമായി നടപ്പാക്കുമെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചിട്ടിണ്ട്.

ശശി സംസ്ഥാനസമിതിയ്ക്ക് നൽകിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയിൽ തീരുമാനമായത്. ശശിയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നത്. നടപടി തരംതാഴ്ത്തലിൽ ഒതുങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിയ്ക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രതിരോധത്തിലാകും എന്ന മുൻകരുതലിലാണ് കടുത്ത നടപടി സ്വീകരിച്ചത്. 

ശശിയ്ക്കെതിരായ പരാതിയെച്ചൊല്ലി കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമെന്ന് എ.കെ.ബാലനും അതല്ലെന്ന് പി.കെ.ശ്രീമതിയും നിലപാടെടുത്തു. എന്നാല്‍ ഭിന്നാഭിപ്രായം റിപ്പോർട്ടിലില്ലെന്നും, റിപ്പോർട്ട് തയ്യാറാക്കിയത് ഏകകണ്ഠമായാണെന്നുമാണ് വിവരം.