കൊല്ലം: ചിതറയില്‍ സ്ത്രീയെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം പുനലൂര്‍ എ എസ് പിയുടെ മേല്‍നോട്ടത്തിലുള്ള സംഘം അന്വേഷിക്കും. കൊട്ടാരക്കര വനിത സെല്‍ സി ഐ സ്ഥലത്തെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊല്ലം റൂറല്‍ എസ് പി, എസ് സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ചിതറയില്‍ 43 വയസുള്ള സ്ത്രീയെയും മകന്‍റെ സുഹൃത്തിനെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിരുന്നില്ല. യുവാവിന്‍റെ പരാതിയില്‍ മാത്രം കേസെടുത്ത പൊലീസ് പിടികൂടിയ 7 പേരെയും ഉടന്‍തന്നെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയും വനിത കമ്മിഷന്‍ അടക്കം ഇടപടെുകയുമുണ്ടായി. ഇതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്.
കടക്കല്‍ സിഐക്ക് അന്വേഷണച്ചുതല നല്‍കി. പുനലൂര്‍ എഎസ്പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്രന്‍ മേല്‍നോട്ടം വഹിക്കും. കൊട്ടാരക്കര വനിതസെല്‍ സിഐ സ്ഥലത്തെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊല്ലം റൂറല്‍ എസ് പി എസ് സുരേന്ദ്രന്‍ പറഞ്ഞു. വീഴ്ച ഉണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. സദാചാര ഗുണ്ടായിസം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും റൂറല്‍ എസ് പി വ്യക്തമാക്കി
