കോട്ടയം: ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവരഭിനയിച്ച് ആഷിഖ് അബു ഒരുക്കിയ മില്‍മയുടെ പാല്‍ കസ്റ്റഡിയില്‍ എന്ന പരസ്യത്തിനെതിരെ പരാതി. മഹാത്മഗാന്ധിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് രംഗത്തെത്തിയിരിക്കുന്നത്. പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. 

1950ലെ ചിഹ്ന നാമ ആക്ട് പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പരസ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിന് എതിരാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. 

പോലീസ് സ്റ്റേഷനാണെന്ന ധാരണ ഉളവാക്കാനാണ് ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ ഏതു വിധത്തിലുള്ള ഗാന്ധിജിയുടെ ചിത്രവും പരസ്യ ആവശ്യത്തിനുപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് വ്യക്തമാക്കി. 

അടിയന്തിരമായി പരസ്യം പിന്‍വലിക്കുകയോ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നും ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഫൗണ്ടേഷന്‍ മില്‍മയ്ക്ക് കത്തയച്ചു. 

നേരത്തെ ഒരു സ്വര്‍ണ്ണ വ്യാപാര സ്ഥാപനം ചലചിത്ര നടന്‍ മാധവനെ നായകനാക്കി പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പരസ്യം ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഫൗണ്ടേഷന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടിയെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനം നിയമം ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും എബി ജെ ജോസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.