മതം മാറിയ പെണ്‍കുട്ടിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയ സംഭവത്തില്‍ തപാല്‍ വകുപ്പിനെതിരെ പരാതി. കോടതി ഉത്തരവ് പ്രകാരം മാതാപിതാക്കളുടെ ഒപ്പം അയച്ച കോട്ടയം ടി.വി പുരം സ്വദേശി അഖില എന്ന ഹാദിയക്ക് അയച്ച രജിസ്‌ട്രേഡ് കത്ത്, ‘രക്ഷിതാവ് നിരസിച്ചു’ എന്ന പേരില്‍ തിരിച്ചയച്ചതിനാണ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി പരാതി നല്‍കിയിരിക്കുന്നത്.
രജിസ്‌ട്രേഡ് പോസ്റ്റായി അയച്ച കത്തുകള്‍ വ്യക്തി സ്ഥലത്ത് ഉണ്ടായിരിക്കേ മറ്റൊരാള്‍ക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ലെന്ന നിയമം തപാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചുവെന്ന് പരാതിയില്‍ പറയുന്നു. വ്യക്തി സ്ഥലത്ത് ഉണ്ടെങ്കില്‍ അവര്‍ നേരിട്ടോ ഇല്ലെങ്കില്‍ രേഖാമൂലം ചുമതലപ്പെടുത്തിയ ആളോ ആണ് കത്ത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യേണ്ടത്. പ്രായപൂര്‍ത്തിയായ, സ്വയം തീരുമാനമെടുക്കാന്‍ കഴിവുള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് ഗാര്‍ഡിയന്‍ ഉണ്ടാകുകയും ആ വ്യക്തിയുടെ അവകാശത്തില്‍ ഇടപെടുകയും ചെയ്യുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഹാദിയക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഈ മാസം ഏഴിനാണ് സുഹൈബ് രജിസ്ട്രേഡ് ആയി കത്തയച്ചത്. എന്നാല്‍ പത്താം തീയ്യതി കത്ത് ഹാദിയയുടെ രക്ഷിതാവ് നിഷേധിച്ചു എന്ന കുറിപ്പുമായി തിരികെയെത്തുകയായിരുന്നു. നേരത്തെ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ അയച്ച കത്തും ഇപ്രകാരം രക്ഷിതാവ് നിഷേധിച്ചെന്ന കുറിപ്പോടെ മടക്കിയിരുന്നു.

