തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഒരു സംഘം യുവ നേതാക്കള്‍ എഐസിസി നേതൃത്തിനു പരാതി നല്‍കി. മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും നിലവിലെ ഭാരവാഹികളില്‍ ചിലരും ചേര്‍ന്നു റിവൈവ് കോണ്‍ഗ്രസ് എന്ന പേരിലാണു രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറ മാറ്റം അനിവാര്യമായി മാറിയിരിക്കുകയാണെന്നു മാത്യു കുഴല്‍നാടന്റെ നേതൃത്ത്വത്തിലുള്ള സംഘം രാഹുല്‍ഗാന്ധിയോട് പരാതിപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ കേരളത്തില്‍ നിന്നുമുള്ള ആദ്യ പരാതിയുമായാണു മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ റിവൈവ് കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു വിഭാഗം യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കളെ തഴഞ്ഞതു മുതല്‍ അപകടം മുന്നില്‍ കണ്ടതാണെന്നും പുതു തലമുറ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വരേണ്ടതിന്റെ ആവശ്യകതയാണ് തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതിഫലിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയെ ധരിപ്പിച്ചു.

പാര്‍ട്ടിയില്‍ തലുമുറ മാറ്റം ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവ പ്രാതിനിധ്യത്തിനു തടസംനിന്ന ഉമ്മന്‍ചാണ്ടിയെയാണു പ്രധാനമായും ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും വ്യക്തമാണ്.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നു രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ച്ചക്കു ശേഷം സംഘം വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം എഐസിസി നേരിട്ട് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ ദില്ലിയിലെത്തിയ ദിവസമാണു കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ രാഹുല്‍ഗാന്ധിക്കു മുന്നില്‍ പരാതി കെട്ടഴിച്ചത്.

രാഹുല്‍ ഗാന്ധിക്കു പുറമെ കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്ക്, ദീപക്ക് ബാബ്രിയ തുടങ്ങിയ നേതാക്കളുമായും സംഘം ആശയവിനിമയം നടത്തി.