നടി രേവതിക്ക് എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ലെന്നാണ് പരാതി. ഇത്രകാലവും അത് മറച്ചു വച്ചുവെന്നും പരാതിയില്‍ ആരോപണം.
കോഴിക്കോട്: നടി രേവതിക്ക് എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ലെന്നാണ് പരാതി. ഇത്രകാലവും അത് മറച്ചു വച്ചുവെന്നും പരാതിയില്‍ ആരോപണമുണ്ട്. രേവതിയെ കമീഷൻ വിളിച്ചു വരുത്തണം എന്നും നിയമനടപടി സ്വീകരണം എന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കോഴിക്കോട് കുന്നമംഗലം സ്വദേശി നൗഷാദ് തെക്കയിൽ ആണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിലാണ് ഷൂട്ടിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമമുണ്ടായതിനെക്കുറിച്ച് രേവതി പറഞ്ഞത്. സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരിയുടെ അനുഭവം രേവതി വെളിപ്പെടുത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമമുണ്ടായത് മറച്ചുവച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ച സാഹചര്യത്തില്‍ സംഭവത്തില്‍ വിശദീകരണവുമായി രേവതിയെത്തിയിരുന്നു. സൂചിപ്പിച്ച സംഭവത്തിൽ ലൈംഗിക പീഡനമോ ശാരീരിക ഉപദ്രവമോ നടന്നിട്ടില്ല. 26വർഷം മുൻപ് നടന്ന ഒരു സംഭവമാണത്. 17കാരിയായ പെൺകുട്ടി പേടിച്ചു എന്റെ മുറിയിൽ വരികയാണ് ചെയ്തത്. സിനിമ മേഖലയിലെ അരക്ഷിത അവസ്ഥയെ കുറിച്ചാണ് താൻ സൂചിപ്പിച്ചതെന്നും രേവതി വിശദമാക്കിയിരുന്നു.
