Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഏത് കമ്പ്യൂട്ടറിലും കടന്നു കയറി ഡാറ്റ  പിടിച്ചെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി

ഇതോടെ സംശയമുള്ള ആരുടെയും കമ്പ്യൂട്ടറുകളില്‍ അനുമതിയില്ലാതെ കടന്നുകയറി ഡാറ്റ പരിശോധിക്കാനും നിരീക്ഷണം നടത്താനും രാജ്യത്തെ 10 ഏജന്‍സികള്‍ക്ക് കഴിയും.

computers will be examined by central government
Author
Delhi, First Published Dec 21, 2018, 11:07 AM IST

ദില്ലി: രാജ്യത്തെ ഏത് കമ്പ്യൂട്ടറിലും കടന്നു കയറാനും ഡാറ്റ നിരീക്ഷിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി. കേന്ദ്ര ആഭ്യന്തര വകുപ്പാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ സംശയമുള്ള ആരുടെയും കമ്പ്യൂട്ടറുകളില്‍ അനുമതിയില്ലാതെ കടന്നുകയറി ഡാറ്റ പരിശോധിക്കാനും നിരീക്ഷണം നടത്താനും രാജ്യത്തെ 10 ഏജന്‍സികള്‍ക്ക് കഴിയും. ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു വിവരവും നല്‍കാന്‍ ഇതോടെ ഇന്റര്‍നെറ്റ് സേവന ദാതാക്കളും പൗരന്‍മാരും നിര്‍ബന്ധിതരാവും. ഇതോടൊപ്പം, പൗരന്‍മാരുടെ സ്വകാര്യതയില്‍ ഏതുവിധത്തിലും ഇടപെടാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയും. നിലവിലെ നിയമ പ്രകാരം ഒട്ടേറെ നൂലാമാലകളിലൂടെ കടന്നു പോയ ശേഷം മാത്രമേ ഇത് സാധ്യമാവുമായിരുന്നുള്ളൂ.  ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. 

കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ്ഗൗബയാണ് ഉത്തരവിറക്കിയത്. രാജ്യത്തെ പത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അവര്‍ സംശയിക്കുന്ന  പക്ഷം, ഏതൊരു കംപ്യൂട്ടറിലും ഉത്പാദിപ്പിക്കപ്പെടുന്ന, ശേഖരിക്കപ്പെട്ടിരിക്കുന്ന, കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ  പരിശോധിക്കാനും, നിരീക്ഷിച്ചുകൊണ്ടിരിക്കാനും വേണമെങ്കില്‍ എന്‍ക്രിപ്റ്റഡ് ആയ ഡാറ്റ പിടിച്ചെടുക്കാനുമുള്ള അധികാരമാണ് കൈവന്നിരിക്കുന്നത്. 

റോ, എന്‍ ഐ എ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് ( ജമ്മുകശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, ആസാം), ദില്ലി പൊലീസ് കമ്മീഷണര്‍  എന്നീ ഏജന്‍സികള്‍ക്കാണ് ഈ സവിശേഷാധികാരം അനുവദിച്ചത്.   
 
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഏതെങ്കിലും കമ്പ്യൂട്ടറില്‍ ശേഖരിച്ചു വെക്കപ്പെട്ടിട്ടുള്ള ഡാറ്റയിലേക്ക് കടന്നു കേറാനുള്ള അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്.അയക്കപ്പെടുന്ന ഡാറ്റകളില്‍ കടന്നുകയറാനുള്ള അധികാരം മാത്രമേ നിലവില്‍ ഏജന്‍സികള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കുകയോ ഡിലിറ്റ് ചെയ്യുകയോ ചെയ്തിരിക്കുന്ന വിവരങ്ങള്‍ പോലും ഏജന്‍സികള്‍ക്ക് പിടിച്ചെടുക്കാനാവും. 

പുതിയ ഉത്തരവ് പ്രകാരം, വിവരങ്ങള്‍ പരിശോധിക്കുന്നതിനോട് സഹകരിക്കാനും ആവശ്യമെങ്കില്‍ വേണ്ട സാങ്കേതിക സഹായങ്ങള്‍ ചെയ്യാനും പ്രസ്തുത കമ്പ്യൂട്ടര്‍ ഉടമ, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ നെറ്റവര്‍ക്ക് കൈകാര്യം ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയവര്‍ ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യാതിരിക്കുന്ന പക്ഷം  ഏഴുവര്‍ഷം വരെ തടവുശിക്ഷയും പിഴയും ചുമത്താനാവും. 

കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. തീരുമാനത്തിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് നോട്ടീസ് നല്‍കിയത്.

ഏകാധിപത്യ പ്രവണതയുടെ അടയാളമാണ് പുതിയ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. പൗരന്‍മാരെ ക്രിമിനലുകളായി മുദ്രകുത്താനുള്ള ഭരണകൂട നയമാണ് പുതിയ ഉത്തരവിലൂടെ പുറത്തുവരുന്നതെന്ന് സി പി എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.  

computers will be examined by central government

Follow Us:
Download App:
  • android
  • ios