ദില്ലി: ആര്‍ട്ട് ഓഫ് ലിംവിംഗിനും ശ്രീ ശ്രീ രവിശങ്കറിനും കോടതിയലക്ഷ്യ നോട്ടീസ്. ആര്‍ട്ട് ഓഫ് ലിംവിംഗ് സംഘടിപ്പിച്ച പരിപാടിക്ക് യമുനാ തീരം വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് ദില്ലി സര്‍ക്കാരിനേയും ദേശീയ ഹരിത ട്രിബ്യൂണലിനേയും കുറ്റപ്പെടുത്തിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. നോട്ടീസില്‍ അടുത്ത മാസം ഒമ്പതിനകം രവിശങ്കര്‍ മറുപടി നല്‍കണം. യമുനാതീരത്തെ പരിസ്ഥിതി നാശത്തിന് കാരണം ദില്ലി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂമലുമാണെന്നും, എന്തെങ്കിലും പിഴയൊടുക്കേണ്ടതുണ്ടെങ്കില്‍ അത് ഇവര്‍ തന്നെയൊടുക്കണമെന്നാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നത്. ഈ പ്രസ്താവന ഹരിത ട്രിബ്യൂണലിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ എന്‍ജിടി കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാമ് ആര്‍ട്ട് ഓഫ് ലിവിംഗ് യമുനാ തീരത്ത് മൂന്ന് ദിവസത്തെ സാംസ്‌കാരിക ഉത്സവം നടത്തിയത്.