മുംബൈ: പൈലറ്റുമാര്‍ തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് വിമാനം മൂന്ന് മിനിറ്റ് പൈലറ്റില്ലാതെ പറന്നു. ലണ്ടന്‍ മുംബൈ ജെറ്റ് എയര്‍വെയ്സ് വിമാനമാണ് പൈലറ്റില്ലാതെ പറന്നത്. 14 ജീവനക്കാരടക്കം 338 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വഷിക്കുമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ലോക്സഭയിൽ വ്യക്തമാക്കി .
തിങ്കളാഴ്ച ലണ്ടനിൽ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിലാണ് ഗുരുത സുരക്ഷാ വീഴ്ചയും കൃത്യവിലോപവും. പുറപ്പെട്ട് അല്‍പനേരം കഴിഞ്ഞപ്പോഴാണ് വനിതാ പൈലറ്റും സഹപൈലറ്റും തമ്മിൽ വഴക്കുണ്ടായത്. വഴക്കിനെതുടര്‍ന്ന് സഹ പൈലറ്റ് വനിതാ പൈലറ്റിന്‍റെ മുഖത്തടിച്ചു. വനിതാ പൈലറ്റ് കരഞ്ഞു കൊണ്ട് കോക്ക് പിറ്റിന് പുറത്തേയ്ക്ക് പോയി. പിന്നാലെ സഹപൈലറ്റും. ഈ സമയത്താണ് പൈലറ്റില്ലാതെ വിമാനം പറന്നത്. പിന്നീട് കോക്പിറ്റിലേയ്ക്ക് മടങ്ങിയ ഇരുവരും ചേര്‍ന്ന് വിമാനം മുംബൈയിലെത്തിച്ചു.
സഹപൈലറ്റിന്‍റെ ലൈസൻസ് ഡിജിസിഎ സസ്പെന്‍റ് ചെയ്തു. വനിതാ പൈലറ്റിനെയും തൽക്കാലം ചുമതലകളിൽ നിന്ന് മാറ്റിനിർത്തി . രണ്ടു പൈലറ്റുമാരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിശദമായി അന്വേഷിക്കുന്നുണ്ടെന്നാണ് ജെറ്റ് എയർവെയ്സിന്‍റെ പ്രതികരണം.
